കോവളത്തിന് ഉണർവേകി, കന്യാകുമാരിക്ക് കൗതുകമായി യോഗാ ടൂർ രണ്ടാം ദിനം
അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡർ ടൂർ രണ്ടാം ദിവസം പിന്നിട്ടു. 22 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലേറെ യോഗാ വിദഗ്ധർ പര്യടനം തുടരുകയാണ്.
കോവളം ലീലാ റാവിസ് ഹോട്ടലിനു മുന്നിലെ ബീച്ചിൽ യോഗാഭ്യാസങ്ങളോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം . കടൽക്കരയിൽ ഏകാഗ്രതയോടെ വിദേശ യോഗാ വിദഗ്ധർ യോഗ ചെയ്തപ്പോൾ കോവളത്തിന് അത് പുതുമയായി. യോഗാ ടൂറിസം ഭൂപടത്തിലേക്കുള്ള കോവളത്തിന്റെ വരവു കൂടിയായി യോഗാഭ്യാസം.
ആഗോളതലത്തിൽ ശ്രദ്ധേയമായ യോഗ പരിശീലന സ്ഥാപനമായ നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കായിരുന്നു തുടർന്നുള്ള യാത്ര. യോഗിനി കല്യാണി ആശ്രമത്തെക്കുറിച്ചും യോഗാ പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ആശ്രമ വളപ്പ് ചുറ്റിക്കണ്ട യോഗ അംബാസഡർമാർ ആശ്രമത്തിൽ നിന്നു തന്നെ ഉച്ചഭക്ഷണം കഴിച്ചു. യോഗയുടേയും ധ്യാനത്തിന്റേയും അന്തരീക്ഷത്തിനിടെ സംഘം കന്യാകുമാരിക്ക് തിരിച്ചു.
കേരളത്തിന്റെയും തമിഴകത്തിന്റെയും വഴിയോരക്കാഴ്ചകൾ യോഗികൾക്ക് വിരുന്നായി. പശ്ചിമഘട്ട മലനിരകൾ അത്ഭുതമായി.
കാഴ്ചയുടെ കരയിൽ നിന്നും സംഘം പോയത് കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കാണ്. സ്വാമി വിവേകാനന്ദൻ ധ്യാനനിമഗ്നനായിരുന്ന ശിലാ തീരത്ത് യോഗികൾ അഭ്യാസങ്ങളിലൂടെ അർച്ചനയർപ്പിച്ചു .വിദേശികളുടെ യോഗാ പ്രദർശനം വിവേകാനന്ദപ്പാറയിലെത്തിയ മറ്റു സന്ദർശകർക്കും വിരുന്നായി.
വിവേകാനന്ദ കേന്ദ്രവും രാമായണ മ്യൂസിയവും സന്ദർശിച്ചാണ് രണ്ടാം ദിന യോഗാ പര്യടനം സംഘം പൂർത്തീകരിച്ചത്.
രണ്ടാം ദിനം മികച്ചതായിരുന്നെന്ന് അമേരിക്കയിൽ നിന്നെത്തിയ സാറ ഡിറ്റ്മോർ പറഞ്ഞു. ശിവാനന്ദ ആശ്രമത്തേയും വിവേകാനന്ദപ്പാറയേയും കുറിച്ച് അറിയാനായതു തന്നെ മഹാകാര്യമെന്നും സാറ വിശദീകരിച്ചു.
അവിസ്മരണീയ ദിവസമെന്നാണ് പോളണ്ടിൽ നിന്നെത്തിയ പൗളിന പറഞ്ഞത്. കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ താൻ ആദ്യമെത്തുകയാണ്. യോഗാ ടൂർ ഇല്ലങ്കിൽ ഇത് കഴിയുമായിരുന്നില്ല. കേരള സംസ്കാരം ആഴത്തിൽ അറിയുകയാണ് ലക്ഷ്യം .ഇന്നാട്ടിലെ വെളിച്ചവും തെളിച്ചവും നവോൻ മേഷം നൽകുന്നതാണെന്നും പൗളിൻ പറയുന്നു .