യോഗാ ടൂറിന് തുടക്കം; ഇനി കേരളം യോഗാ തലസ്ഥാനം
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും ഗംഭീര തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രഥമ യോഗാ അംബാസഡര്‍ ടൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍, അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം,അറ്റോയ് വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
22 രാജ്യങ്ങളില്‍ നിന്നെത്തിയ അറുപതിലേറെ യോഗ വിദഗ്ധരാണ് ആദ്യ യോഗ അംബാസഡര്‍ ടൂറില്‍ പങ്കെടുക്കുന്നത്. നേരത്തെ മുഖ്യാതിഥികളെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്. റാവിസ് കണ്‍വന്‍ഷന്‍ സെന്ററിനു മുന്നില്‍ തീര്‍ത്ത പൂക്കളത്തിനു മുന്നില്‍ വിദേശ പ്രതിനിധികള്‍ യോഗ പ്രദര്‍ശനം നടത്തി. ഇനി ഈ മാസം 21വരെ രാജ്യാന്തര യോഗ വിദഗ്ധര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യോഗാ പര്യടനത്തിലാകും.
കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അറ്റോയ് യോഗാ അംബാസഡര്‍ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.