യോഗാ ടൂര്‍ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി; കേരളത്തിന്‍റെ മറ്റൊരു മാതൃകയെന്ന് കടകംപള്ളി


മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്. ലോകം യോഗയിലേക്ക് എന്ന ആശയം ഇതുവഴി യാഥാര്‍ത്ഥ്യമാവുകയാണെന്നും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രി പറഞ്ഞു.
ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലും കേരളം മുന്നിലാണ്. യോഗയിലും കേരളത്തിന്‌ സവിശേഷ സ്ഥാനമുണ്ട്.യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്ബോട്ട് എന്നിങ്ങനെ കേരളത്തിന്‍റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്പര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.


മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളെ ശുഭചിന്താഗതിക്കാരും സമാധാനകാംക്ഷികളുമാക്കുക എന്നതാണ് യോഗയുടെ ലക്‌ഷ്യം.കേരളത്തിലെ മുനിയറകള്‍ സംസ്ഥാനത്തിന്‍റെ യോഗാ പാരമ്പര്യം വെളിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെത്തിയ യോഗാ വിദഗ്ധര്‍ യോഗയുടെ മാത്രമല്ല കേരളത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അഭിപ്രായപ്പെട്ടു. ടൂറിസം എന്നതിനേക്കാള്‍ യോഗാത്മകതയാണ് ടൂറിന്റെ ലക്ഷ്യമെന്നായിരുന്നു കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ പറഞ്ഞത്.
യോഗാ അംബാസഡര്‍ ടൂര്‍ ബസ് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് ഫ്ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് യോഗയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്പശാല നടന്നു. നാളെ മുതല്‍ 21 വരെയാണ് യോഗാ പര്യടനം. രാജ്യാന്തര യോഗ ദിനമായ 21ന് കൊച്ചിയില്‍ വിശാല യോഗാ പ്രദര്‍ശനത്തോടെ ആദ്യ യോഗാ ടൂര്‍ സമാപിക്കും.