Kerala

ആവേശത്തിരയേറി വള്ളംകളി ലീഗ് വരുന്നു: തുഴയെറിഞ്ഞ് ടൂറിസം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നകേരള ബോട്ട് റേസ് ലീഗ് ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ നേട്ടമായി മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശം വര്‍ധിപ്പിക്കും.

ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്‌സ്-ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എല്‍ എ മാര്‍ സംസ്ഥാന തല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

ഈ കമ്മിറ്റിയില്‍ ജലോത്സവ സംഘാടന പരിചയമുള്ള വിദഗ്ദ്ധരുമുണ്ടാകും. വള്ളം കളി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പതിമൂന്നു കേന്ദ്രങ്ങളിലും സ്ഥലം എം എല്‍ എ ചെയര്‍മാനായി ബോട്ട് റേസ് ലീഗ് സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്യും.

വള്ളംകളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിന് മുന്‍പായി പ്രാദേശികമായി പ്രദര്‍ശന വള്ളംകളിയും അതോടൊപ്പം സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഇതിന് പ്രാദേശിക സമിതികളുടെ സഹകരണം ഉറപ്പാക്കും. ലീഗ് മത്സരങ്ങള്‍ക്ക് പൊതുവായ ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

തത്സമയ സംപ്രേഷണത്തിനായി ദൃശ്യമാധ്യമങ്ങളുടെ സഹകരണം തേടും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ആകര്‍ഷിക്കുന്ന വിധത്തില്‍ വിപുലമായി അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ ടൂറിസം വകുപ്പ് പ്രചരണം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് വള്ളം കളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം കലണ്ടറില്‍ ലീഗ് വള്ളം കളികള്‍ ഉള്‍പ്പെടുത്തും .

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ടജലമേളകളെല്ലാം ഉള്‍പ്പെടുത്തിയ കേരള ബോട്ട് റേസ് ലീഗ് സംസ്ഥാനത്തെ കായിക രംഗത്തും, ടൂറിസം രംഗത്തും ഒരേപോലെ നാഴിക കല്ലായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങള്‍നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. പരമാവധി ശനിയാഴ്ചകളില്‍ ലീഗ് മത്സരം സംഘടിപ്പിക്കാവുന്ന തരത്തിലാണ് ക്രമീകരണം നടത്തുക.

2018 ആഗസ്റ്റ് 11 മുതല്‍ നവമ്പര്‍ 1 വരെ നീണ്ടു നില്‍ക്കുന്നതാണ് കേരള ബോട്ട് റേസ് ലീഗ്. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കി 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളെയാണ് തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക.

ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പിറവം, പൂത്തോട്ട, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കൊല്ലത്തെ കല്ലട, കൊല്ലം തുടങ്ങിയവയാണ് ലീഗ് മത്സര വേദികള്‍.മത്സരങ്ങളില്‍ യോഗ്യത നേടുന്ന വള്ളങ്ങളെല്ലാം ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കേണ്ടതാണ്.

തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്ന നിബന്ധന പാലിക്കാത്തവരെ അയോഗ്യരാക്കും.നവംബര്‍ 1 ന് കൊല്ലത്ത് നടക്കുന്നപ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയാണ്കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങുക.

ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങള്‍ നാട്ടിലെ വള്ളം കളി ടീമുകള്‍ക്ക് വലിയ പ്രചോദനമാകും. ടീമുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും. പ്രൊഫഷണല്‍ സ്വഭാവമുള്ള ടീമുകളുടെ രൂപീകരണത്തിന് വഴി തെളിക്കുന്ന ബോട്ട് റേസ് ലീഗ് വള്ളംകളി ടീമംഗങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരവും സാമ്പത്തിക പിന്‍ബലവും നല്‍കുന്നതിന് അവസരമൊരുക്കുമെന്നുംടൂറിസം മന്ത്രി പറഞ്ഞു.

ലീഗില്‍ യോഗ്യത നേടുന്ന മുഴുവന്‍ ടീമുകള്‍ക്കും ഓരോ വേദിക്കുംബോണസ്സായി നാല് ലക്ഷം രൂപ വീതമാണ് നല്‍കുക. ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നല്‍കും. എല്ലാ മത്സരങ്ങള്‍ക്കും 1, 2, 3 സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പോയിന്റ് നല്‍കി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 5 പോയിന്റും , രണ്ടാം സ്ഥാനത്തിന് 3 പോയിന്റും , മൂന്നാം സ്ഥാനത്തിന് 1 പോയിന്റും എന്ന രീതിയിലാണ് പോയിന്റ് നില കണക്കാക്കുക. കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.

കേരള ബോട്ട് റേസ് ലീഗ് എന്നത് താല്‍ക്കാലികമായി നല്‍കുന്ന പേരാണെന്നുംവളരെ ആകര്‍ഷണീയമായ ഒരു പേരും ലോഗോയും പിന്നീട് തീരുമാനിക്കുമെന്നുംമന്ത്രി പറഞ്ഞു.അതിനായി മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മത്സരം തന്നെ നടത്തുന്നതാണ് മന്ത്രി അറിയിച്ചു.

ഓണവും വള്ളംകളിയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓണ സമയത്താണ് കൂടുതലായി വള്ളംകളികള്‍ ഉണ്ടാകുന്നത്. പക്ഷെ ഇതെല്ലം പ്രാദേശികമായ ക്ലബ്ബുകളാണ് സംഘടിപ്പിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ലീഗ് മാതൃകയില്‍ വരുമ്പോള്‍ ഓരോ വള്ളം കളിക്കുമുള്ള പ്രാധാന്യം വര്‍ധിക്കുകയാണ്. മറ്റൊരു സുപ്രധാനമായ കാര്യം ഈ നാലു മാസങ്ങളില്‍ നമുക്ക് പുതിയൊരു ടൂറിസം പ്രൊഡക്ട് ലഭിക്കുന്നു എന്നുള്ളതാണ്. നമ്മുടെ സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്.

വള്ളംകളി സീസണ്‍ അല്ലാത്തപ്പോള്‍കേരളത്തില്‍ എത്തുന്നവര്‍ക്ക് വള്ളം കളി കാണാനുള്ള അവസരംപലപ്പോഴുംലഭിക്കാറില്ല. കേരള ബോട്ട് റേസ് ലീഗ് ടൂറിസം കലണ്ടറില്‍ വന്നു കഴിയുമ്പോള്‍ ആ സമയത്ത് കേരളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വള്ളം കളിയും കാണാന്‍ കഴിയും എന്ന്ഉറപ്പു വരികയാണ്. മറ്റൊരു പ്രധാന കാര്യം, ഓരോ പ്രദേശത്തും നടക്കുന്ന പ്രദര്‍ശന വള്ളം കളികളില്‍ ചുണ്ടന്‍ വള്ളങ്ങള്‍ അല്ലാത്ത മറ്റു വള്ളങ്ങള്‍ക്കും പങ്കെടുക്കാം എന്നുള്ളതാണ്. ആ ജനവിഭാഗങ്ങള്‍ കൂടി ഈ ജലോത്സവത്തിന്റെ ഭാഗമായി ഇത്തരത്തില്‍ മാറുന്നുവെന്ന്  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്  പറഞ്ഞു.