യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു

ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു.

നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്.

1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചര്‍ അന്ന് യുവാക്കളുടെ ഹരമായിരുന്നു.

ക്യാരക്ടര്‍ ലിമിറ്റുകളെ അതിജീവിക്കാന്‍ കണ്ടെത്തിയ രസികന്‍ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു. ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാന്‍ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓര്‍മ്മയാവുകയാണ്.

വിടപറയും മുന്‍പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോട് ചെയ്യാന്‍ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്‌ക്വിറില്‍ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് വികസിപ്പിക്കുകയാണ് ഉടമകളായ വെറൈസോണ്‍. താല്‍പര്യമുള്ള യാഹൂ ഉപഭോക്താക്കള്‍ക്ക് സ്‌ക്വിറിലിലേക്ക് മാറാനുള്ള സൗകര്യവും വെറൈസോണ്‍ ഒരുക്കുന്നുണ്ട്.