സ്മാര്‍ട്ടായി റെയില്‍വേ ശുഭയാത്രയ്ക്കിനി റെയില്‍ മദദ്
പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം.
ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം.
റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം.
പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി തയാറാക്കിയിട്ടുണ്ട്.
അത്യാവശ്യ സഹായത്തിനു വിളിക്കേണ്ട നമ്പറുകളും ആപ്പില്‍ ലഭ്യമാണ്. റെയില്‍വേ ഹെല്‍പ് ലൈന്‍, ആര്‍പിഎഫ് തുടങ്ങിയവരെ നേരിട്ടു വിളിക്കാം.
റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായുള്ള നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്യാത്തവര്‍ക്കും ആപ്പില്‍ നിന്ന് ഒറ്റനോട്ടത്തില്‍ കണ്ടെത്താം.ഓരോ ട്രെയിനില്‍ നിന്നും ലഭിക്കുന്ന പരാതികളുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വീകരിച്ച പരിഹാര നടപടികളെ കുറിച്ചു വകുപ്പു തലത്തില്‍ റെയില്‍വേ പരിശോധന നടത്തും. ഒരു ട്രെയിനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നം കണ്ടെത്തി പരിഹാരം തേടുന്നതിനും ശ്രമം നടത്തും.