വിവാഹ പാർട്ടി ജങ്കാറിൽ ; ആലപ്പുഴയിൽ നിന്നൊരു വേറിട്ട കല്യാണ വാർത്ത
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും . വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ ചടങ്ങുകള്‍ക്ക് വേദിയായത്.
ഡോക്ടര്‍ ജിനോയും ജിക്സയും തമ്മിലുള്ള വിവാഹം നടന്നത് കായല്പരപ്പില് ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്.
പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു.
ഒപ്പം ചാറ്റല്‍ മഴയുമെത്തി. പ്രിയപ്പെട്ടവര്‍ നവ ദമ്പതികളെ അനുമോദിച്ചു. കായല്‍ക്കരയിലുള്ള കനോയ് വില്ലയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹസല്‍ക്കാരം നടന്നത്.
വിദേശ നാടുകളില്‍ ബീച്ച് വെഡ്ഡിങ് നടക്കുന്നതായി അറിയാമെങ്കിലും കായല്‍ പരപ്പിലെ ഇത്തരമൊരു ചടങ്ങ് ആദ്യം അമ്പരപ്പിച്ചെന്ന് ജിനോയും ജിക്സിയും പറഞ്ഞു. കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും ടൂറിസം വള്ളംകളികള്‍ സംഘടിപ്പിച്ചിട്ടുള്ള സി.പി ഇന്റഗ്രേറ്റഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.
കായല്‍ ടൂറിസത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധയെത്താനാണ് പുതുമകള്‍ പരീക്ഷിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഓളപ്പരപ്പിലെ വിവാഹാഘോഷമെന്നും സി.പി ഇന്റഗ്രേറ്റഡ് എം.ഡി സാബു ചാക്കോ അഭിപ്രായപ്പെട്ടു.