അരുണാചല്‍ പക്ഷികള്‍ പാടും ഈഗിള്‍ നെസ്റ്റ്
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്.
ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്.
500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനം പക്ഷികളായ ഗ്രേ പീകോക്ക് പെസന്റ്, ബ്ലിത്ത്സ് ട്രഗോപന്‍, ടെമ്മിന്‍ക്സ് ട്രഗോപന്‍ എന്നിവ ഇവിടെയുണ്ട്. പക്ഷികളല്ലാതെ ഇവിടെ ആന, കരടികള്‍, കാട്ടുനായകള്‍, ഹിമാലയന്‍ സെറോ, കാട്ടുപോത്ത്, റെഡ് പാണ്ടകള്‍ എന്നീ മൃഗങ്ങളും ഇവിടെയുണ്ട്.
പകലും രാത്രിയും ഒരുപോലെ നടക്കുന്ന ഗോള്‍ഡന്‍ കാറ്റ്, ലപ്പേര്‍ഡ് കാറ്റ്, ഹിമ കരടികള്‍, ഭൂട്ടാന്‍ ജെയ്ന്റ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, ആരോ ടെയില്‍ഡ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, തേവാങ്ക് എന്നീ മൃഗങ്ങളും ഉണ്ട്. 2003ല്‍ പുതിയ ഇനം അരുണാചല്‍ സിംഹവാലന്‍ കുരങ്ങിനേയും കണ്ടെത്തിയിരുന്നു.
അസമിലെ തേസ്പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ പടിഞ്ഞാറ് നിന്നും ബലിപ്പാറയില്‍ നിന്നും ടിപ്പിയില്‍ നിന്നും വടക്കോട്ട്. പിന്നീട് പച്ചപ്പും സ്വര്‍ണ നിറത്തിലുള്ള സൂര്യപ്രകാശവും ചൊരിയുന്ന ജിയ ബോറേലി നദിയിലേക്കാണ്. അസം – അരുണാചല്‍ അതിര്‍ത്തിയിലുള്ള ബലുക്ക്പോങില്‍ ചെക്കിംഗിന് ശേഷം മലകളുടെയും കാടുകളുടെയും നാടായ അരുണാചല്‍ പ്രദേശിലേയ്ക്ക്.
കമെങ് ജില്ലയിലെ ചെറിയ നഗരമാണ് സെസ്സ. കാട്ടുപക്ഷികളെ റോഡ് അരികില്‍ നിന്ന് കാണാന്‍ പറ്റിയ സ്ഥലം. നത്ത്, നീലയും വെള്ളയും ത്രഷ്, വെള്ളി നിറമുള്ള ചെവിയുള്ള മെസിയ എന്നീ കിളികളെ ധാരാളമായി കാണാം.
ഈഗിള്‍നെസ്റ്റ് വൈല്‍ഡ്‌ലൈഫ് സാന്‍ച്വറിക്ക് അടുത്താണ് ടെന്‍ഗ വാലി. ട്ടെന്‍ഗ വളരെ ശാന്തമാണ്, ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ നദി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. ഇവിടെ നിന്നും ഈഗിള്‍നെസ്റ്റിലേക്ക് വെറും 30 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. എന്നാല്‍, കയറ്റവും മോശം വഴിയും ആയതിനാല്‍ ഇവിടെക്ക് എത്താന്‍ 1.5 മണിക്കൂര്‍ എങ്കിലും എടുക്കും.
ഈഗിള്‍ നെസ്റ്റിലെ അത്ഭുതങ്ങള്‍
ബുഗണ്‍ കമ്മ്യൂണിറ്റി ഫോറസ്‌റ് ഉള്‍പ്പടെ 218 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുകയാണ് ഈഗിള്‍നെസ്റ്റ്. തെക്ക് ഭാഗത്ത് അസമിലെ സമതല പ്രദേശങ്ങളും കാടുകളുമാണ്. ഗോരി-ചെന്‍ മലനിരകള്‍, ദിരങ്ങിലെ ആല്‍പൈന്‍ കാടുകള്‍, സെല പാസ് എന്നിവയാണ് വടക്കു ഭാഗത്ത്. ബൈക്ക് പാതയാണ് ഇവയെല്ലാം. ടെന്‍ഗയില്‍ നിന്ന് തുടങ്ങി ലാമ ക്യാമ്പിലൂടെ ഈഗിള്‍നെസ്റ്റ് പാസ് വഴി ബോമ്പു, സെസ്‌നി ക്യാമ്പിലൂടെ ഖേല്ലോങ് ഗ്രാമത്തിലേക്ക് എത്താം.
ടെന്‍ഗയ്ക്കും ലാമയ്ക്കും മദ്ധ്യേ ഉള്ള രാമലിംഗം എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഇവിടെ ഫോറസ്റ്റ് ഓഫീസില്‍ എത്തി പ്രവേശന പാസ് വാങ്ങണം. വൈറ്റ് കൊല്ലാര്‍ഡ് ബ്ലാക്ക് ബേഡ്, വോള്‍ക്രീപ്പര്‍, ബസാര്‍ഡ് എന്നി വ്യത്യസ്തമായ പക്ഷികളെ കാണാം. ഹിമാലയന്‍ സെറോ, കരടി, ഗോള്‍ഡന്‍ ക്യാറ്റ് എന്നിവയും ഇവിടെയുണ്ട്.
ലാമ ക്യാമ്പ്
രാമലിംഗത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അപ്പുറം ലാമ ക്യാമ്പില്‍ പ്രഭാത ഭക്ഷണത്തിനായി വണ്ടി നിര്‍ത്താം. ഇവിടിരുന്നാല്‍ ഗോരി-ചെന്‍ മലനിരകളിലെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. ലാമ ക്യാമ്പിന് മുകളിലാണ് ട്രഗോപാണ്ട ട്രേ. ടെമിക്‌സ് ട്രഗോപാനും റെഡ് പാണ്ടകളും ഇവിടെ കുറെ ഉള്ളതിനാല്‍ ഇതിന് ട്രഗോപാണ്ട എന്ന പേര് ലഭിച്ചു.
ബോമ്പു ക്യാംപ്
ലാമ ക്യാംപിന്റെ പത്ത് കിലോമീറ്റര്‍ അപ്പറും 9186 അടി മുകളിലാണ് ഈഗിള്‍നെസ്‌റ് പാസ്. സാന്‍ച്വറിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ഇത്. സുന്ദര്‍വ്യൂ മൈതാനത്തിലൂടെ ബോമ്പു ക്യാംപിലേക്ക്. കാടും പായലും പിടിച്ച മരങ്ങളാണ് ഈ വഴിയില്‍. ‘ഫാന്റം ഓഫ് ദി ജംഗിള്‍’ എന്നറിയപ്പെടുന്ന വാര്‍ഡ്സ് ട്രോഗണ്‍ എന്ന പക്ഷിയെ ഇവിടെ സഞ്ചാരികള്‍ തേടാറുണ്ട്.
ഇവിടെ ധാരാളം മുളകള്‍ ഉള്ളതിനാല്‍ ഇതിന് ബോമ്പു ക്യാംപ് എന്ന പേര് ലഭിച്ചു. ലാമ ക്യാംപിന്റെ തെക്കില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ ഒരു ഭാഗത്ത് വയലുകളും മറ്റേ ഭാഗത്ത് കൊടുംകാടുമാണ്. അതുകൊണ്ടു തന്നെ പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടമാണിത്. ഭൂട്ടാന്‍ ജയന്റ് ഫ്ളൈയിംഗ് സ്‌ക്വിരല്‍ എന്നറിയപ്പെടുന്ന അണ്ണാനെ ഇവിടെ കാണാന്‍ സാധിച്ചേക്കും. അതുപോലെ അപൂര്‍വ ഇനം ഗോള്‍ഡന്‍ കാറ്റിനേയും.
സെസ്‌നി ക്യാംപ്
ബോമ്പുവില്‍ നിന്ന് സെസ്‌നി വരെയുള്ള റോഡില്‍ ബൈക്ക് യാത്രയാണ് ഉത്തമം. പിന്നീട് പക്ഷിനിരീക്ഷണത്തിനായി നടക്കാം. നുത്താച്ച്, റെഡ് ഫേസ്ഡ് ലിയോസിച്ചില്ല, ചെസ്‌ററ്‌നട്ട് ഹെഡഡ് ടെസിയ, ഫ്‌ലവര്‍പെക്കര്‍ തുടങ്ങി നിരവധി പക്ഷികളെ കാണാന്‍ കഴിഞ്ഞേക്കും.
സഫാരി സമയവും ചിലവും
സംരക്ഷക പ്രദേശമായ ഈഗിള്‍നെസ്റ്റ് ഒരിക്കലും അടയ്ക്കാറില്ല. കാടിനുള്ളിലേയ്ക്ക് പോകാന്‍ ഒരാള്‍ക്ക് 100 രൂപയും വാഹനത്തിന് 500 രൂപയും നല്‍കണം. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് തേംഗയിലെ ബുഗണ്‍ ഗോത്രവര്‍ഗം 100 രൂപയാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. ബുഗണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലേക്കാണ് ഈ തുക പോകുന്നത്. ഒരു ദിവസം 2000 രൂപയ്ക്ക് തേംഗയില്‍ നിന്ന് വാഹനവും ലഭ്യമാണ്.
താമസം
ലാമ, ബോമ്പു, സെസ്നി എന്നിവിടങ്ങളില്‍ താമസത്തിന് ടെന്റുകള്‍ ലഭിക്കും. ബുഗണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ പ്രസിഡന്റ് ഇന്‍ഡി ഗ്ലോവിനെ മറ്റ് വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടാം. ഭക്ഷണവും ഗൈഡും ഉള്‍പ്പെടെ ഒരു ഡബിള്‍ ടെന്റിന് 5,600 രൂപയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.
സീസണ്‍
നവംബര്‍ മുതല്‍ ഏപ്രില്‍ മാസങ്ങളിലാണ് ഈഗിള്‍നെസ്റ്റിലെ റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റിയ സമയം. മണ്ണിടിച്ചില്‍ കാരണം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലങ്ങളില്‍ യാത്ര ചെയ്യാതിരിക്കുകയാണ് ഉത്തമം. പക്ഷിനിരീക്ഷണമാണ് ലക്ഷ്യമെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നല്ലത്.