വിലാസം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്
ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ അനുഭവം. ആ കത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ ആകാംഷ നമുക്ക് അടക്കാനാവില്ല.
എന്നാല്‍ അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം.
1983ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് ഹിക്കിമിലേത്. ആരംഭം മുതല്‍ ഇവിടെ ഒരേയൊരും പോസ്റ്റ്മാനേയുള്ളു റിന്‍ചെന്‍ ചെറിംഗ്.
തന്റെ 22ാം വയസ്സില്‍ തുടങ്ങിയ സേവനം ഇന്നും അദ്ദേഹം തുടരുന്നു. തപാല്‍ കവറുകളും അദ്ദേഹത്തിന്റെ കൈകളും തമ്മില്‍ ഇന്നും പിരിയാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ പോലെയാണ്.
161 നിവാസികള്‍ മാത്രമുള്ള ഒരു ചെറിയ പട്ടണം. ആശയവിനിമയത്തിന് ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത നാട്. അവിടെ കത്തല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താഴ്‌വരയിലെ മറ്റ് പോസ്റ്റോഫീസുകളെ പോളെ മഞ്ഞുകാലമാകുമ്പോള്‍ ആറുമാസം ഈ പോസ്റ്റോഫീസും അടച്ചിടും.
കോമിക് മൊണാസ്ട്രിയില്‍ നിന്നും ബുദ്ധ സന്ന്യാസികള്‍ തീര്‍ത്ഥാടനത്തിന് വേണ്ടി പോകാനുള്ള പാസ്‌പോര്‍ട്ടും, കര്‍ഷകര്‍ സേവിംഗ്‌സ് അക്കൗണ്ട്‌സ് തുടങ്ങാനും സഞ്ചാരികള്‍ പോസ്റ്റ്കാര്‍ഡുകള്‍ അയയ്ക്കാനും ഇവിടെയാണ് എത്താറ്.
രണ്ട് അഞ്ചലോട്ടക്കാര്‍ കത്തുകള്‍ ഹിക്കിമില്‍ നിന്നും ഖാസയിലേക്ക് എല്ലാ ദിവസവും രാവിലെ നടന്ന് എത്തിക്കുന്നു. അവിടെ നിന്ന് ബസ് വഴി റോക്കോംഗ് പിയോയില്‍ നിന്ന് ഷിംലയിലേക്കും ട്രെയിന്‍ മാര്‍ഗം കല്‍ക്കട്ട, വീണ്ടും ബസ് വഴി ഡല്‍ഹിയിലേക്കും തുടര്‍ന്ന് ട്രെയിന്‍ വഴിയോ വിമാനം വഴിയോ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കും.