മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്.


കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്.

മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം.

ജോഗ് വെള്ളച്ചാട്ടം

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന കോര്‍പറേഷന്‍ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് ടൂര്‍ പാക്കേജ് ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റ്: www.kstdc.in

മുത്തത്തി വെള്ളച്ചാട്ടം

മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കില്‍ കാവേരി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന മുത്തത്തി വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മുത്തത്തിയില്‍ വാരാന്ത്യ അവധി ആഘോഷത്തിനു മാത്രമായി ഒട്ടേറെപ്പേര്‍ എത്താറുണ്ട്.പാറക്കൂട്ടങ്ങള്‍ക്കു മുകളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. മഴക്കാലത്ത് പുഴകടക്കാന്‍ ചങ്ങാടമുണ്ട്. കര്‍ണാടക തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുത്തത്തിയില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍സ്വാമി ക്ഷേത്രവും പ്രസിദ്ധമാണ്. ഇതിനോടു ചേര്‍ന്നുള്ള കാവേരി വന്യജീവിസങ്കേതവും സന്ദര്‍ശിക്കാം. മുതലകള്‍ ഏറെയുള്ള മുത്തത്തിയില്‍ അപകടക്കയങ്ങളും ഏറെയുണ്ട്. ബെംഗളൂരുവില്‍ നിന്ന് കനക്പുര റോഡിലൂടെ മുത്തത്തിയിലെത്താം. ബസ് സര്‍വീസുകള്‍ കുറവായതിനാല്‍ സ്വകാര്യ വാഹനങ്ങളാണ് പ്രധാന ആശ്രയം.

ശിവനസമുദ്രം

മണ്ഡ്യ ജില്ലയില്‍ കാവേരി നദിയില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് ശിവനസമുദ്രം. സമുദ്രം പേരില്‍ മാത്രമേ ഉള്ളൂവെന്നു ചുരുക്കം. കാവേരിയുടെ ഗഗനചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ചേര്‍ന്നതാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. ശിവനസമുദ്ര ജലവൈദ്യുത പദ്ധതിയും സന്ദര്‍ശിക്കാം. ബെംഗളൂരുവില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരമുള്ള ശിവനസമുദ്രയിലേക്ക് കര്‍ണാടക ടൂറിസം വികസന കോര്‍പറേഷന്റെ ടൂര്‍ പാക്കേജ് ഉണ്ട്.

കുടകിലെ അബ്ബെയും ഇരിപ്പൂ വെള്ളച്ചാട്ടവും

കുടക് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം മടിക്കേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ അബ്ബെ വെള്ളച്ചാട്ടത്തിലെത്താം. വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയാണ് അബ്ബെ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. മുന്‍പ് ജെസി ഫാള്‍സ് എന്നറിയപ്പെട്ടിരുന്ന വെള്ളച്ചാട്ടത്തിലേക്ക് മടിക്കേരിയില്‍ നിന്ന് ഓട്ടോ ടാക്‌സി സൗകര്യം ലഭ്യമാണ്.

ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഇരിപ്പൂ വെള്ളച്ചാട്ടം മടിക്കേരി-നാഗര്‍ഹോള പാതയ്ക്കു സമീപത്താണ്. മടിക്കേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. ഇതിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന രാമേശ്വര ശിവക്ഷേത്രത്തിലേക്കും ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്നുണ്ട്.

ഹൊഗനക്കല്‍

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ സ്ഥിതിചെയ്യുന്നു. ഹൊഗനക്കല്‍ എന്ന പേരിന്റെ അര്‍ഥം പുകയുന്ന പാറ എന്നാണ്. പാറയിടുക്കുകള്‍ക്കിടയിലൂടെ കുട്ടവഞ്ചിയിലെ യാത്രയാണ് ഹൊഗനക്കലിനെ വേറിട്ടുനിര്‍ത്തുന്നത്. പാറകളുടെ പലഭാഗങ്ങളില്‍ നിന്ന് വെള്ളം പരന്നൊഴുകി താഴെ കാവേരിനദിയിലേക്കാണ് പതിക്കുന്നത്. ഇഷ്ടമുള്ള മീന്‍ പൊരിച്ചുകഴിക്കാനും ഇവിടെ സൗകര്യം ഉണ്ട്. ഹൊസൂരില്‍ നിന്ന് 140 കിലോമീറ്റര്‍ പിന്നിട്ടാല്‍ ഹൊഗനക്കലിലെത്താം. ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷന്‍ കൂടിയാണ് ഹൊഗനക്കല്‍.

ജാഗ്രത വേണം

വെള്ളച്ചാട്ടങ്ങള്‍ കാഴ്ചയില്‍ മനോഹരമാണെങ്കിലും ഇതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ജാഗ്രത പുലര്‍ത്തണം. പലപ്പോഴും ആഘോഷം അതിരുവിടുമ്പോഴാണ് ഒരിക്കലും തിരിച്ചുവരാത്ത നിലയില്ലാക്കയത്തിലേക്ക് വീഴുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്ന് സെല്‍ഫി പകര്‍ത്താനും കുത്തിയൊലിക്കുന്ന വെള്ളത്തില്‍ കുളിക്കാനുമുള്ള ശ്രമങ്ങളാണ് അപകടത്തില്‍ കലാശിക്കുന്നത്.