News

ഫോർട്ട് കൊച്ചിയിൽ വീണ്ടും ചീനവലകൾ ഉണരുന്നു; മേൽനോട്ടത്തിന് സമിതി

കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളുടെ പുനർനിർമാണത്തിനു സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഫോർട്ട് കൊച്ചി എംഎൽഎയാണ് സമിതി അധ്യക്ഷൻ. കൊച്ചിയിലെ ചീനവലകളില്‍ മിക്കതും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

കൊച്ചി ടൂറിസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ചീനവലകള്‍.പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകള്‍ ചലിക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്രസ്മാരകങ്ങള്‍ കേരളത്തില്‍ വേറെയില്ല. കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഈ ചീനവലകള്‍ തന്നെ.
ചീനവല എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലിപ്പമുള്ള വലകള്‍ ഇപ്പോള്‍ ചൈനയില്‍ പോലുമില്ല. ചൈനക്കാര്‍ക്കും അത്ഭുതമാണ് കൊച്ചിയുടെ ചീനവലകള്‍. രണ്ട് വര്‍ഷം മുമ്പ് കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡര്‍ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സഹായത്തോടെ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കി.

സര്‍ക്കാര്‍ തന്നെ ചീനവലകളെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടു വര്ഷം രണ്ടായി. 1.57 കോടി രൂപയാണ് ടൂറിസം വകുപ്പ് ചീനവലകളുടെ സംരക്ഷണത്തിന് അനുവദിച്ചത്. കിറ്റ്‌കോക്കായിരുന്നു ചുമതല. തേക്കിന്‍തടി ഉപയോഗിച്ചാണ് ചീനവലകളുടെ നിര്‍മാണം. വലയുടെ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ബ്രാസ് നിര്‍മിക്കാന്‍ ഒമ്പത് മീറ്റര്‍ നീളമുള്ള തേക്കിന്‍തടികളാണ് വേണ്ടത്. ആ വലിപ്പത്തില്‍ തേക്കിന്‍തടി കിട്ടാത്തതായിരുന്നു പ്രശനം. വേണ്ട തടി നൽകാമെന്ന് വനം വകുപ്പ് സമ്മതിച്ചിട്ടുണ്ട്