Kerala

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍.

കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്.

ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു.

പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത്, സി.പി.നാരായണന്‍ എംപി, എംഎല്‍എമാരായ ഒ.രാജഗോപാല്‍, വി.എസ്.ശിവകുമാര്‍, ദക്ഷിണ റെയില്‍വേ അഡീ. ജനറല്‍ മാനേജര്‍ പി.കെ.മിശ്ര, ഡിവിഷനല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ, കൗണ്‍സിലര്‍ ഹിമ സിജി എന്നിവര്‍ സംബന്ധിച്ചു.

2014ല്‍ അനുവദിച്ച കൊച്ചുവേളി-ബെംഗളൂരൂ ട്രെയിന്‍ സര്‍വീസ് ഇന്നലത്തെ ഉദ്ഘാടന ഷെഡ്യൂളില്‍ ഇടംപിടിക്കുമെന്നായിരുന്നു യാത്രക്കാര്‍ പ്രതീക്ഷിച്ചത്. നാലു വര്‍ഷം മുന്‍പ് അനുവദിച്ച ട്രെയിന്‍ ഓടിക്കാന്‍ ദക്ഷിണ-പശ്ചിമ റെയില്‍വേയും തിരുവനന്തപുരം ഡിവിഷനും തയാറായിട്ടും സാങ്കേതിക വിഭാഗം സര്‍വീസിനു തടയിട്ടു.

ബെംഗളൂരൂ സ്റ്റേഷനു പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണു സാങ്കേതിക വിഭാഗത്തിന്റെ വാദം. ലോക്കോപൈലറ്റ് ക്ഷാമം രൂക്ഷമായതിനാല്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നാണു മറ്റൊരു വാദം. നിലവില്‍, കന്യാകുമാരി-ബെംഗളൂരൂ ഐലന്‍ഡ് എക്‌സ്പ്രസും തിരുവനന്തപുരം -മുംബൈ എക്‌സപ്രസുമാണു ബെംഗളൂരൂവിലേക്കു പോകുന്നവര്‍ക്കുള്ള ആശ്രയം. ബെംഗളൂരൂവില്‍ നിന്നു 16 കിലോമീറ്റര്‍ മാറിയുള്ള കൃഷ്ണരാജപുരം സ്റ്റേഷനിലാണു മുംബൈ എക്‌സ്പ്രസിന്റെ സ്റ്റോപ്പ്.