ഈ അമ്പലത്തില്‍ പ്രതിഷ്ഠ കൈപത്തിയാണ്
പരശുരാമന്‍ സൃഷ്ടിച്ച കേരളത്തിലെ നാല് അംബിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം. ജലത്തില്‍ പ്രതക്ഷ്യപ്പെട്ട അംബിക ആയതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു.
കന്യാകുമാരിയില്‍ ബാലാംബികയായും വടകര ലോകനാര്‍കാവില്‍ ലോകാംബികയായും കൊല്ലൂരില്‍ മൂകാംബികയായും അകത്തേത്തറയില്‍ ഹേമാംബികയെയുമായാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത് .
പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക് ദുര്‍ഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമാണ
ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തില്‍ രണ്ടു കൈപ്പത്തികളായതിനാല്‍ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.
ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂര്‍ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താല്‍ ദേവിയെ നിത്യവും പൂജിക്കാന്‍ പോവാന്‍ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി.
പൂജയില്‍ സംപ്രീതയായതിനാല്‍ തുടര്‍ന്നും പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ദര്‍ശിച്ചശേഷമേ സംസാരിക്കാന്‍പാടുള്ളു എന്നും അരുളി .കുളത്തില്‍ നിന്ന് ആദ്യം ദേവിയുടെ കരങ്ങളാണ് ഉയര്‍ന്നു വന്നത് .
കണ്ടപാടെ അദ്ദേഹം ‘അതാ കണ്ടു’ എന്ന് അറിയാതെ പറഞ്ഞു .ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്‍കി ദേവി അപ്രത്യക്ഷയായി .കൈകള്‍ കണ്ടമാത്രയില്‍ സന്തോഷത്താല്‍ കുറൂര്‍ നമ്പൂതിരി ദേവിയുടെ കൈകളില്‍ പിടിച്ചു വലിച്ചു .അപ്പോഴേക്കും അത് ശിലയായിമാറിയിരുന്നു .സ്വയംഭൂവായ ഈ രണ്ടുകരങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ.
സന്താനഗോപാലം, സ്വയംവരപുഷ്പാഞ്ജലി ,ദ്വാദശാക്ഷരീ പുഷ്പാഞ്ജലി എന്നിവ ഇവിടുത്തെ പ്രധാന വഴിപാടാണ്. രോഗശാന്തിക്കായി ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായവും വിദ്യാപുരോഗതിക്കായി നാലാം അദ്ധ്യായവും ഇവിടെ പാരായണം ചെയ്യുന്നത് ഉത്തമം.
‘കുട്ടിയും തൊട്ടിയും’ ഒരു പ്രധാന വഴിപാടാണ്. സന്താന ഭാഗ്യമില്ലാത്തവര്‍ ദേവിയെ കണ്ടു പ്രാര്‍ഥിച്ച് കുഞ്ഞു ജനിച്ചുകഴിയുമ്പോള്‍ ആറാംമാസത്തില്‍ കൊണ്ടുവന്നു അടിമകിടത്തി തൊട്ടില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.പ്രധാന നിവേദ്യം അപ്പമാണ്.
പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാല്‍ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാല്‍ പാല്‍പ്പായസവും സന്ധ്യക്ക് ദുര്‍ഗാദേവിയായതിനാല്‍ കടുംപായസവും ആണ് വഴിപാട് .
ഐശ്വര്യപ്രദായനിയായ ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. അന്നേദിവസം സര്‍വൈശ്വര്യത്തിനായി ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചന നടത്തി ദേവിക്ക് ലക്ഷദീപം സമര്‍പ്പിക്കുന്നു.
കൊടിയേറ്റുത്സവം ഇവിടെ നടത്താറില്ല . നവരാത്രികാലങ്ങളിലെ ഒന്‍പതു ദിവസമാണ് ഇവിടെ പ്രധാനം.അഭീഷ്ട വരദായനിയായ ദേവീസന്നിധി സംഗീത വാദ്യ നിര്‍ത്തകലാകാരമാരുടെ ഇഷ്ടസന്നിധികൂടെയാണ്