ചരിത്ര നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ച് സൗദി
ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വാഹനമോടിക്കാന്‍ നിരത്തിലിറങ്ങുന്ന ഈ മാസം 24 ‘വിമന്‍ ഡ്രൈവിങ്’ ദിനമായി പ്രഖ്യാപിച്ച് സൗദി. വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു തുടങ്ങി.
ആദ്യഘട്ടത്തില്‍ വിദേശ ലൈസന്‍സ് സൗദിയിലേക്കു മാറ്റിയെടുത്ത 10 വനിതകളുടെ പ്രതികരണങ്ങള്‍ സഹിതം പ്രചാരണവും ആരംഭിച്ചു. അടുത്തയാഴ്ചയ്ക്കകം 2000 പേര്‍ക്കു ലൈസന്‍സ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗത നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നു മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു.
ഗുരുതര നിയമലംഘനം നടത്തുന്നവരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റും.
ഇവരുടെ വാഹനം കണ്ടുകെട്ടണമെന്നുള്ള നിര്‍ദേശവും ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. 30 വയസ്സിനു താഴെയുള്ള സ്ത്രീകളെ ജഡ്ജിയുടെ ഉത്തരവിലൂടെ മാത്രമേ സംരക്ഷണ കേന്ദ്രത്തില്‍നിന്നു മോചിപ്പിക്കുകയുള്ളൂ. 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം.