കുട്ടവഞ്ചിയിലൊരു മഴയാത്ര
ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു.
സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും.
സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സവാരികേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏറുമാടം, ഊഞ്ഞാല്‍, നടപ്പാത, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനോടകം നൂറുകണക്കിനു സഞ്ചാരികളാണ് സവാരികേന്ദ്രത്തില്‍ എത്തിയത്. തദ്ദേശീയരായ ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കാന്‍ കഴിഞ്ഞതും പദ്ധതിയിലൂടെ നേട്ടമായി. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി നടക്കുന്നത്. നാലു പേര്‍ക്കാണ് ഒരു കുട്ടയില്‍ സഞ്ചരിക്കാവുന്നത്. ഒരു സവാരിക്കു 400 രൂപയാണ് നിരക്ക്. രാവിലെ ഏഴ് മണി മുതല്‍ 5.30 വരെയാണ് സവാരി ക്രമീകരിച്ചിരിക്കുന്നത്.