കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു
കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മംഗലാപുരത്തെത്തും. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്സ്‌പ്രസാണ് ഇന്നു സർവീസ് ആരംഭിച്ചത്.
ഇന്ന് തലസ്ഥാനത്തു നിന്ന് വടക്കോട്ടും തിങ്കളാഴ്ച അവിടെ നിന്ന് തലസ്ഥാനത്തെത്താനും കഴിയുന്നതരത്തിലാണ് സമയക്രമം. ആർ. സി.സിയിലും മെഡിക്കൽ കോളേജിലും ചികിത്സയ്ക്കെത്തുന്ന മലബാറിൽ നിന്നുള്ളവർക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ ഏറെ ഗുണകരമാണ്. ഇന്ന് രാവിലെ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻഗോഹെയ്ൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു.
സീറ്റ് റിസർവേഷനില്ലാത്ത എല്ലാ കോച്ചുകളും അൺറിസർവ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്‌പ്രസ്. സാധാരണ അൺറിസർവ്ഡ് എക്സ്‌പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാൾ 15 ശതമാനം അധികമായിരിക്കും. മംഗലാപുരം – കൊച്ചവേളി അന്ത്യോദയയിൽ 18 കോച്ചുകളുണ്ട്. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളം, മൊബൈൽ റീച്ചാർജിംഗ്, ലഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകൾക്ക് പകരം നീളത്തിലുള്ള കുഷ്യൻ ബെഞ്ച് സീറ്റുകളാണ്.
കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിട്ടും തൃശൂരിൽ രണ്ടു മിനിട്ടും ഷൊർണൂരിൽ പത്തു മിനിട്ടും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് മിനിട്ട് വീതവും സ്റ്റോപ്പുണ്ട്.
ട്രെയിൻ നമ്പർ 16355/16356. ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തും