ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍
വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു.
ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര്‍ ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു.
വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന സഫാരി അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ട്രെക്കിങ് നിരോധിച്ചിരിക്കുകയാണ്.