കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും
ഐടി സിറ്റിയില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂര്‍-ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എക്‌സ്പ്രസ് ഇന്നു രാവിലെ 10.30നു കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
നിലവില്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു-കോയമ്പത്തൂര്‍ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി(ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക.
തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ട്രെയിനിന്റെ ബെംഗളൂരുവില്‍ നിന്നുള്ള പതിവു സര്‍വീസ് നാളെയും കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വീസ് 10നും തുടങ്ങും. രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്‍പതിനു കോയമ്പത്തൂരെത്തും.
തിരുപ്പുര്‍, ഈറോഡ്, സേലം, കുപ്പം, കെആര്‍ പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെട്ട എട്ട് ഡബിള്‍ഡെക്കര്‍ കോച്ചുകളുണ്ട്. ഒരു കോച്ചില്‍ 120 പേര്‍ക്ക് ഇരുന്നു യാത്ര ചെയ്യാം. 610 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.