ടൂറിസം വെഞ്ച്വർ ഫണ്ട് ഉടനെന്ന് മന്ത്രി; യുവ സംരംഭകരുടെ നിക്ഷേപക സംഗമവും വരുന്നു
ടൂറിസം സംരംഭക നിധി ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. പുത്തൻ സംരംഭകർക്കും നിലവിലെ ഇടത്തരം സംരംഭകർക്കും വെഞ്ച്വർ ഫണ്ട് ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. മാനേജ്മെന്റ് വിദഗ്ധരുടെ സമിതി ഓരോ പദ്ധതിയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും ഫണ്ട് അനുവദിക്കുക.ടൂറിസം രംഗത്തു പുതിയ സാധ്യതകളുമായി വരുന്നവർക്ക് ഇതിന് അപേക്ഷിക്കാം. സാങ്കേതിക സർവകലാശാലകളിൽ നിന്നും ടൂറിസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നവർക്കു സ്വയം സംരംഭകരാകാൻ വെഞ്ച്വർ ഫണ്ട് അവസരം ഒരുക്കും.
ടൂറിസം മേഖലയിലെ യുവ സംരംഭകർക്കായി ടൂറിസം വകുപ്പ് ഐഡിയ കം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഫിക്കി,സിഐഐ,ടൂറിസം രംഗത്തെ സംഘടനകൾ എന്നിവരെ മീറ്റിൽ പങ്കാളിയാക്കും.സംസ്ഥാനതല മീറ്റ് ഈ വർഷം അവസാനത്തോടെ നടത്തും. ഡിടിപിസികളുടെ സഹകരണത്തോടെ ജില്ലാതല മീറ്റും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.