രഹസ്യങ്ങളുടെ അത്ഭുതദ്വീപ് ആന്‍ഡമാന്‍
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സഞ്ചാരികള്‍ ഭൂപടത്തില്‍കുറിച്ചിട്ട ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. കടലിന്റെ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആന്‍ഡമാനില്‍ പോകണമെന്ന് കൊതിക്കാത്ത ഒരു സഞ്ചാരി പോലും ലോകത്ത് കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വര്‍ണ്ണ മണല്‍ത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഒക്കെയുള്ള ഒരിടമാണ് ആന്‍ഡമാനായി നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പക്ഷേ വെറും 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങള്‍ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്.
അത്തരത്തില്‍ ആന്‍ഡമാനില്‍ നിഗൂഡതകള്‍ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലന്‍ഡ്. ഒരു കാലത്ത് പ്രകൃതി ഭംഗിയുടെ മാസ്മരിക ലോകം തീര്‍ത്തിരുന്ന ഇവിടം ഇന്ന് ഒരു ശ്മശാനമാണ്. സമൃദ്ധമായിരുന്ന ഇന്നലെയുടെ സ്മരണകള്‍ പേറുന്ന, അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന റോസ് ഐലന്‍ഡിനെ അറിയാം
റോസ് ദ്വീപ്
പോര്‍ട് ബ്ലെയറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഒരു ശ്മശാനഭൂവിന് സമാനമായി ഏകാന്തതയും നിഗൂഡതയും ചൂഴ്ന്ന് നില്‍ക്കുന്ന ഇടമാണ് റോസ് ദ്വീപ്. ഇവിടം ഇപ്പോള്‍ മനുഷ്യന്റെ ആധിപത്യത്തില്‍ നിന്നും മാറി പ്രകൃതി ഏറ്റെടുത്ത നിലയിലാണ്.
ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. അക്കാലത്ത് ലഭ്യമായ എല്ലാ വിധ സൗകര്യങ്ങളും ലഭിച്ചിരുന്ന ഇവിടം 1940 കളില്‍ ഉണ്ടായ കനത്ത പ്രകൃതി ദുരന്തത്തില്‍ പിന്നീട് ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം നശിപ്പിക്കപ്പെടുകയായിരുന്നു. ഡാനിയേല്‍ റോസ് എന്ന് പേരുള്ള മറൈന്‍ സര്‍വേയറുടെ പേരില്‍ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെസ്മരണകള്‍ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാണ്.
ആധിപത്യത്തിന്റെ അടയാളം പേറുന്ന അവശിഷ്ടങ്ങള്‍
ആന്‍ഡമാനിന്റെ ചരിത്രം മുഴുവന്‍ റോസ് ഐലന്‍ഡിലാണ് ഉറങ്ങുന്നത്. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്ന ഇവിടം ഇപ്പോള്‍ ഒരു പ്രേതഭൂമിയായാണ് സഞ്ചാരികള്‍ കണക്കാക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ അവശിഷ്ടങ്ങളും പേറി നില്‍ക്കുന്ന ഇവിടെ ആന്‍ഡമാനിന്റെ കാഴ്ചകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കുറേ കാഴ്ചകളാണ് കാണുവാന്‍ സാധിക്കുക. തകര്‍ന്നു കിടക്കുന്ന ഭവനങ്ങളും കാടുകയറിയ കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളും ഒക്കെയാണ് ഇവിടെ ഇന്നു കാണുവാനുള്ളത്. 73 ഏക്കര്‍ സ്ഥലത്തായാണ് ഇവിടം വ്യാപിച്ചു കിടക്കുന്നത്.
റോസ് ദ്വീപിന്റെ ചരിത്രത്തിലേക്ക്
ആന്‍ഡമാനിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥ തന്നെയാണ് റോസ് ദ്വീപിനും പറയുവാനുള്ളത്. 1788 നുശേഷമാണ് ആന്‍ഡമാനിലേക്ക് ഒരു സെറ്റില്‍മെന്റ് എന്ന നിലയില്‍ ആളുകളെ കൊണ്ടുവരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നആന്‍ഡമാനില്‍ 1789 നും 1792 നും ഇടയിലാണ് ഒരു ആശുപത്രിയും സാനിറ്റോറിയവും നിര്‍മ്മിക്കുന്നത്.
കോളനി ഭരണത്തിന്റെ സിരാകേന്ദ്രം
ഒന്നാം സ്വാതന്ത്ര്യ സമരകാലമായ 1857ലാണ് ബ്രിട്ടീഷുകാര്‍ റോസ് ദ്വീപിലേക്ക് വീണ്ടും വരുന്നത്. ദ്വീപിന്റെ ഭരണസിരാകേന്ദ്രമായ റോസ് ദ്വീപില്‍ ഒരു ജനതയ്ക്ക് ജീവിക്കാന്‍ പറ്റുന്ന് എല്ലാം ഉണ്ടായിരുന്നു.
മാര്‍ക്കറ്റ്, ബസാര്‍, ബേക്കറി, ദേവാലയങ്ങള്‍, പള്ളി. ടെന്നീസ് കോര്‍ട്ട്, പ്രിന്റിങ് പ്രസ്, സെക്രട്ടറിയേറ്റ്, ആശുപത്രി, സെമിത്തേരി, സ്വിമ്മിങ് പൂള്‍ തുടങ്ങിയവയെല്ലാം ഇവിടെ തടവുകാരെ കൊണ്ട് ഒരുക്കിയിരുന്നു.
ഉയര്‍ന്ന റാങ്കിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ജിവിക്കുന്ന ഇടമായി ഇവിടം മാറി. ഇവിടുത്തെ അടുത്തുള്ള ദ്വീപുകള്‍ പലപ്പോളും കടലാക്രമണങ്ങള്‍ക്കും മറ്റും വിധേയമാകുമ്പോള്‍ ഇവിടം എല്ലായ്‌പ്പോളും എല്ലാ തരത്തിലും സുരക്ഷിതമായിരുന്നു. അങ്ങനെയാണ് ഇവിടം ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നത്.
റോസ് ഐലന്റെന്ന് തടവു കോളനി
നാടിനെ ബ്രിട്ടീഷ് കരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ശബ്ദവും കരങ്ങളും ഉയര്‍ത്തുന്നവര്‍ക്ക് ഒരു പാഠം എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ റോസ് ഐലന്‍ഡില്‍ ഒരു ബ്രിട്ടീഷ് കോളനി തന്നെ തീര്‍ത്തു. സമരത്തില്‍ പങ്കെടുത്ത ധീരന്‍മാരെ കഠിന കുറ്റവാളികളായി മുദ്രകുത്തി ഇവിടെ എത്തിച്ച് തടവിലാക്കുമായിരുന്നു.
മാത്രമല്ല, ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ മാനുഷിക ശേഷി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പീന്‍ കോളനി കാലാപാനി എന്ന പേരില്‍ കുപ്രസിദ്ധ സ്ഥലമായി മാറി. ഇവിടുത്തെ കാട് വെട്ടി മറ്റി മനുഷ്യയോഗ്യമായ ഒരു കോളനി നിര്‍മ്മിക്കുക എന്നതായിരുന്നു ഇവിടെ കൊണ്ടുവന്നിരുന്ന തടവുകാരുടെ ജോലി.
അതിനിടയില്‍ ബ്രിട്ടീഷുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരും ഒരുപാടുണ്ട്. ഒട്ടേറെ കഥകളിലൂടെ കടന്നു പോയിട്ടുള്ള റോസ് ഐലന്‍ഡിനെ ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റിയത് 1941 ല്‍ ഇവിടെ നടന്ന ഭൂകമ്പമാണ്. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ഇവിടം 1942 ല്‍ ജാപ്പനീസ് സൈന്യം കീഴടക്കുകയും ബ്രിട്ടീഷുകാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇടിച്ചു തകര്‍ത്ത ജാപ്പനീസ് ആര്‍മി പീനല്‍ കോളനി മാത്രം ബാക്കി വെച്ചു. 1945 വരെ ഇവിടം ജപ്പാന്റെ കീഴിലായിരുന്നു. ദ്വീപിന്റെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായമാണ് 1943 ല്‍ സുബാഷ് ചന്ദ്ര ബോസ് ഇവിടെ ഭാരത്തിന്റെ പതാക ഉയര്‍ത്തിയത്.
പ്രതാപം മടങ്ങി വന്ന കാലം
ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയപ്പോള്‍ ആന്‍ഡമാനും ഉപേക്ഷിച്ചാണ് അവര്‍ മടങ്ങിയത്. പിന്നീട് ആന്‍ഡമാനിറെ വളര്‍ച്ചയുടെ ദിവസങ്ങളായിരുന്നു. അതിനുശേഷമാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയത്.
തകര്‍ച്ചയിലേക്ക്
1941 ലെ ഭൂകമ്പമാണ് റോസ് ഐലന്റിന്‍രെ രൂപം അപ്പാടെ മാറ്റിയത്. തകര്‍ന്നടിഞ്ഞു പോയ ഒരിടമായാണ് ഇതിപ്പോഴുള്ളത്. തകര്‍ന്ന ടിഞ്ഞു കിടക്കുന്ന ദേവാലയം, കാടുകയറിയ ആശുപത്രികള്‍, ജാപ്പനീസ് ബങ്കറുകള്‍, മറ്റു കെട്ടിടങ്ങള്‍, ഒക്കെയും ഒരു മാറ്റവും ഇല്ലാതെ ഇവിടെ കാണാം.
റോസ് ദ്വീപില്‍ എങ്ങനെയെത്താം
ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലെ അബേര്‍ദീന്‍ ബോട്ട് ജെട്ടിയില്‍ നിന്ന് 10 മിനുറ്റ് ബോട്ടില്‍ യാത്ര ചെയ്യണം റോസ്സ് ഐലന്റില്‍ എത്തിച്ചേരാന്‍. അബേര്‍ദീന്‍ ജെട്ടിയില്‍ നിന്ന് എട്ടര മുതല്‍ ഒന്‍പത് മണി വരേ ഈ ദ്വീപിലേക്ക് ബോട്ടുകള്‍ പുറപ്പെടുന്നുണ്ട്. ഉച്ച തിരിഞ്ഞ് രണ്ട് മണി വരെ ഇവിടെ ചിലവഴിക്കുവാന്‍ അനുമതിയുണ്ട്.