News

ഹൗസ്ബോട്ട് അടക്കം ജലവാഹനങ്ങൾ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

ടൂറിസം ഉള്‍പ്പെടെയുളള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ജലവാഹനങ്ങളും ഡിസംബര്‍ 31-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ലൈസന്‍സില്ലാതെയും കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് പ്രകാരമുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ധാരാളം ബോട്ടുകളും ഹൗസ് ബോട്ടുകളും ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നിലവിലുളള എല്ലാ ബോട്ടുകള്‍ക്കും നിയമപ്രകാരം രജിസ്ട്രേഷന്‍ നടത്താന്‍  ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. അതിനകം രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.
യാത്രക്കാരെ കൊണ്ടുപോകുന്ന ജങ്കാറുകള്‍ സപ്തംബര്‍ 30-ന് മുമ്പ് രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. ഒരിടത്ത് രജിസ്റ്റര്‍ ചെയ്ത് മറ്റൊരിടത്ത് സര്‍വീസ് നടത്തുന്നതും നിയന്ത്രിക്കും. ബോട്ടിന്‍റെ നിര്‍മാണം തുറമുഖ വകുപ്പ് അംഗീകരിച്ച ഡിസൈന്‍ പ്രകാരമാവണം. ഡിസൈന്‍ പ്രകാരമല്ല പലരും നിര്‍മാണം നടത്തുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുനില ബോട്ടിന് അനുമതി വാങ്ങിയ ശേഷം രണ്ടുനില ബോട്ട് നിര്‍മിച്ച് സര്‍വീസ് നടത്തുന്നത് സരുക്ഷയെ ബാധിക്കും.
സുരക്ഷ ഉറപ്പാക്കുന്നതിന് കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സില്‍ ആവശ്യമായ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു. മലിനീകരണ നിയന്ത്രണത്തിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും.
യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, കടകംപളളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു. ടി തോമസ്, എ.കെ. ശശീന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ തുങ്ങിയവരും പങ്കെടുത്തു.