കേരളപ്പിറവി ദിനത്തിൽ തകർപ്പൻ സമ്മാനം: ഇന്ത്യ-വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്
വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാകും കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ വിരുന്നാകും മത്സരം.
2017 നവംബറിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വൻറി 20 മത്സരമാണ് കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. കനത്ത മഴയെത്തുടർന്ന് എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആര് വിക്കറ്റിന് ജയിച്ചിരുന്നു. മഴയ്ക്ക് ശേഷം ഗ്രൗണ്ട് വേഗം മത്സര സജ്ജമാക്കിയത് സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു.
ഡേ ആൻഡ് നൈറ്റ് മത്സരമാകും കാര്യവട്ടത്തു നടക്കുക. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെ മത്സരം. ഉച്ചയ്ക്ക് 1.30 നു മത്സരം തുടങ്ങും.ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്സ്ചർ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
നേരത്തെ കൊച്ചിയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫുട്ബോൾ പ്രേമികളുടെ എതിർപ്പിനെത്തുടർന്ന് വേദി മാറ്റുകയായിരുന്നു.