Kerala

അനധികൃത ഹോം സ്റ്റേകൾക്കെതിരെ നടപടി: അടിയന്തര യോഗം വിളിക്കുമെന്ന് ടൂറിസം മന്ത്രി

കേരളത്തിൽ വിനോദ സഞ്ചാരവകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത നിരവധി ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹോം സ്‌റ്റേ ക്ലാസിഫിക്കേഷന്‍ ഒരു ലൈസന്‍സിന്റെയും പരിധിയില്‍ വരാത്തതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കോവളത്ത് വിദേശ വനിത ലിഗയുടെ കൊലപാതകത്തെത്തുടർന്ന് ടൂറിസം പൊലീസിന്റെ നിലവിലുള്ള ശക്തി വര്‍ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ഭാഷാനൈപുണ്യക്ലാസുകള്‍, അവബോധ ക്ലാസുകള്‍, ഇതര ട്രെയ്‌നിങുകള്‍ എന്നിവ കിറ്റ്‌സ്‌ മുഖാന്തിരം നല്‍കുന്നതിനു തീരുമാനിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തൊട്ടാകെ 178 ലൈഫ്‌ഗാര്‍ഡുകളാണ്‌ ടൂറിസം രംഗത്ത്‌ സേവനമനുഷ്ടിക്കുന്നത്‌. ഇവരുടെ സേവനം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു നേരെയുള്ള മോശപ്പെട്ട പെരുമാറ്റവും ആക്രമണവും ചൂഷണവും തടയുന്നതിനായി വ്യാപാരികള്‍ക്കും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും. ടൂറിസ്‌റ്റ്‌ ഗൈഡുകള്‍ക്ക്‌ അക്രഡിറ്റേഷന്‍ ഏര്‍പ്പെുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.