പുകയുന്ന കുറ്റിയില്‍ നിന്ന് ഉയരുന്ന കുഷ്യനുകള്‍
ദിനംപ്രതി നാലര കോടി സിഗരറ്റ് കുറ്റികളാണ് ലോകത്ത് ഉപേക്ഷിക്കപ്പെടുന്നത്. ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് പുകവലി. പുകവലിക്ക് ശേഷം വലിച്ചെറിയുന്ന കുറ്റിയാകട്ടെ പരിസ്ഥിതിക്കും ദോഷം ചെയ്യും.
വഴിയരികില്‍, ഭക്ഷണശാലയില്‍, കിടപ്പുമുറിയില്‍, ബസിനുള്ളില്‍ തരംപോലെ സിഗരറ്റ്കുറ്റി ഉപേക്ഷിക്കുകയാണു പതിവ്. ഇതു പരിസ്ഥിതിക്കു ദോഷകരമെന്ന തിരിച്ചറിവില്‍നിന്നാണു പ്രോജക്ട് സിഗ്ബിയുടെ രൂപീകരണം.
ഇതിനു പിന്നിലുള്ളതാകട്ടെ ഒരു പറ്റം വിദ്യാര്‍ഥികളും. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ വെങ്കിടേശ്വര കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇനാക്ടസ് എസ്വിസി എന്ന സംഘടനയാണ് ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റിന്റെ ദൂഷ്യവശത്തെക്കുറിച്ചു ചിന്തിച്ചത്. മണ്ണില്‍ അലിയില്ല എന്നതുതന്നെയാണു പ്രധാന വെല്ലുവിളി.
പുറമെയുള്ള കടലാസ്ചട്ട ഇല്ലാതായാലും അതിനുള്ളിലെ ഭാഗം പ്രകൃതിക്കു ദോഷമായി നിലനില്ക്കും. രണ്ടു വര്‍ഷം മുന്‍പാണു പ്രോജക്ട് സിഗ്ബിയുടെ തുടക്കം. ഉപേക്ഷിച്ചുകളയുന്ന ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ചിന്ത. അങ്ങനെയാണു കുഷ്യന്, കീച്ചെയിന് തുടങ്ങിയവ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്.
നഗരത്തെ 14 ചെറിയ ഭാഗങ്ങളായി തിരിച്ചാണു പ്രവര്‍ത്തനം. വഴിയില്‍നിന്നും മറ്റും സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാന്‍ ആക്രിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ കടകളും ബാറുകളുമെല്ലാം ഇവരുമായി കൈകോര്‍ക്കുന്നു. പേപ്പര്‍, പുകയില, സെല്ലുലോസ് എന്നിവയാണു സിഗരറ്റ് കുറ്റിയിലെ ഭാഗങ്ങള്‍.
തെരുവുകളില്‍ കഴിയുന്നവരെ ഉപയോഗിച്ച് ഇവ വേര്‍തിരിക്കും. പേപ്പര്‍, പുകയില എന്നിവ പുനരുപയോഗിക്കാന്‍ കൈമാറുന്നു. സെല്ലുലോസാണു പുതിയ വസ്തുക്കളായി രൂപപ്പെടുക. നാല്പതോളം സ്ത്രീകളെ ജോലികള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. മുപ്പതോളം പേര് ഇവ വേര്‍തിരിക്കുന്നു.
പത്തു പേര്‍ക്കാണു കുഷ്യന്, കീചെയിന്‍ എന്നിവ ഉണ്ടാക്കാനുള്ള ചുമതല. കണ്‍സേര്‍വ് ഔവര്‍ ഡിപ്ലെറ്റിങ് എന്‍വയണ്‍മെന്റ് (കോഡ്) എന്ന സംഘടനയാണ് ആവശ്യമായ പരിശീലനം നല്‍കുന്നത്.
സിഗരറ്റ്കുറ്റികള്‍ ശേഖരിക്കുന്നവര്‍ക്ക് ഒരു കിലോയ്ക്കു 450 രൂപ നല്കുമ്പോള് കുഷ്യനും മറ്റും ഉണ്ടാക്കുന്നവര്‍ക്കു 200 രൂപ വീതം ലഭിക്കും. കീചെയിന്‍ 30 രൂപയ്ക്കും കുഷ്യനുകള്‍ 200 രൂപയ്ക്കുമാണു വില്‍ക്കുന്നത്. ഇതിനോടകം 500 കിലോയോളം സിഗരറ്റ് കുറ്റികള്‍ ശേഖരിച്ചു പുനരുപയോഗിച്ചു. നഗരത്തിലെ വിവിധ കഫേകളും ബാറുകളുമെല്ലാം ഇവരുമായി കൈകോര്‍ക്കുന്നുണ്ട്.