അടവിയില്‍ സഞ്ചാരികളെ കാത്ത് കൂടുതല്‍ സൗകര്യങ്ങള്‍
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അടവി കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നു. നാല് വര്‍ഷം മുമ്പ് ആരംഭിച്ച അടവി കുട്ട വഞ്ചി സവാരി കേന്ദ്രം രാജ്യത്തും വിദേശത്തും ഇതിനോടകം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പരിമിതികള്‍ക്കിടയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്.
പ്രകൃതിയെ തൊട്ടറിഞ്ഞ് സഞ്ചാരം
അടവിയെ കൂടുതല്‍ സുന്ദരിയാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടവിയില്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി പൂന്തോട്ടം ഒരിക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ വേണം അവര്‍ അടവിയിലേക്ക് കടക്കുന്നത്.
പഴയ കുട്ടവഞ്ചികളാല്‍ മേല്‍ക്കൂര നിര്‍മ്മിച്ച് നിരവധി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും പരിസ്ഥതിയ്ക്ക് അനുയോജ്യമായ മുള കൊണ്ട് നിര്‍മ്മിച്ച പുരയിലാണ് ക്യാന്റ്‌റീനും, ടിക്കറ്റ് കൗണ്ടറും, സന്ദര്‍ശക മുറിയും, സ്റ്റോര്‍ റൂമും, ടോയ്‌ലെറ്റും എന്നിവയും പ്രവര്‍ത്തിക്കുന്നത്.
കാടിനെയറിഞ്ഞ് മുള വീട്ടില്‍ അന്തിയുറങ്ങാം
അടവിക്ക് അനുബന്ധമായി 2016ല്‍ പേരുവാലിയില്‍ ആരംഭിച്ച് ബാംബു ഹട്ടില്‍ താമസിക്കാന്‍ നിരവധി പേര്‍ കുടുംബങ്ങളായി എത്തുന്നുണ്ട്. നിലവില്‍ ഇവിടെയുള്ള ആറ് ഹട്ടുകളില്‍ ഒന്ന് ആഹാരം കഴിക്കാനും മറ്റും ഉപയോഗിക്കുന്നത്. കല്ലാറിന്റെ തീരത്തെ ഹട്ടില്‍ അന്തിയുറങ്ങന്നതും രാത്രിയില്‍ വന്യജീവികളുടെ ശബ്ദം കേള്‍ക്കുന്നതും സഞ്ചാരികള്‍ക്ക് ഹരമാണ്.
നാവില്‍ കൊതിയൂറുന്ന ഭക്ഷണമായി കഫേകള്‍
ഹട്ടുകള്‍ക്ക സമീപം തന്നെ വനിതാ സ്വാശ്രയത്തിന്റെ നേതൃത്വത്തില്‍ കഫേ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനോട് നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന കഫേകളില്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷ്യവസ്തുക്കളും, പാനീയങ്ങളും ലഭിക്കും. ഇല അടയും കുമ്പിള്‍ അപ്പവുമാണ് ഇവിടുത്തെ ഡിമാന്റ് ഐറ്റങ്ങള്‍.
സിനിമകളുടെ പ്രിയ ലൊക്കേഷന്‍
ചുരിങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ഇടമാണ് അടവി. നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന ചലച്ചിത്രം പൂര്‍ണമായും ഇവിടെയാണ് ചിത്രീകരിച്ചത്.
വരുമാനത്തില്‍ വന്‍ കുതിപ്പ്
ഇക്കോ ടൂറിസം പദ്ധതിയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മാറി. മാസം തോറും ശരാശരി 10 ലക്ഷം രൂപയാണ് ഇവിടെ ലഭിക്കുന്ന വരുമാനം.
കുട്ട വഞ്ചിയില്‍ ഒരാള്‍ക്ക് സഞ്ചരിക്കുന്നതിന് 200 രൂപയാണ്. ഒരു കുട്ടവഞ്ചിയില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാം. ബാബൂ ഹട്ടില്‍ നാല് പേര്‍ക്ക് ഒരു ദിനം 400 രൂപ ഭക്ഷണം ഉള്‍പ്പെടെ.