Asia

കടുത്ത വേനലിലും ഉരുകാത്ത മഞ്ഞ് ഗുഹയുടെ കഥ

ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍.


85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്.

ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി മഞ്ഞുഗുഹകള്‍ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെ തന്നെയുള്ള നിഗ്വു എന്ന ഗുഹയ്ക്കുണ്ട്.

കടുത്ത വേനലില്‍ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനില്‍ക്കും.

വേനല്‍ക്കാലത്തെ ഈ മേഖലയിലെ താപനില 1921 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഞ്ഞ് ഗുഹകള്‍ കാണപ്പെടുന്ന അലാസ്‌കയും, റഷ്യയും, ഐസ്ലന്‍ഡും ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇത് പരമാവധി 13 ഡിഗ്രി സെല്‍ഷ്യസാണ്. പുറമെ താപനില ഉയരുമ്പോഴും ഗുഹക്കുള്ളിലെ മഞ്ഞുരുകാതെ നില്‍ക്കുന്ന പ്രതിഭാസം തന്നെയാണ നിഗ്വു ഗുഹയെ ശ്രദ്ധേയമാക്കുന്നതും.

മൂന്നു ശാഖകളുള്ള നിഗ്വു ഗുഹയുടെ മുകളില്‍ ചിമ്മിനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ദ്വാരങ്ങളാണ് വേനല്‍ക്കാലത്തും മഞ്ഞുരുകാതെ നില്‍ക്കുന്നതിനുള്ള കാരണം. കനം കൂടിയ തണുത്ത വായു ശൈത്യകാലത്ത് ഈ ദ്വാരങ്ങള്‍ വഴി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കും. അതോടൊപ്പം കന്നെ കനം കുറഞ്ഞ ചൂടുള്ള കാറ്റ് പുറത്തേക്കു പോവുകയും ചെയ്യും.

എന്നാല്‍ വേനല്‍ക്കാലത്ത് ചൂട് കാറ്റ് ഗുഹയിലേക്ക് കയറുന്നത് ഇതേ പ്രതിഭാസം തന്നെ തടയും. ഗുഹയ്ക്കുള്ളിലെ കനം കൂടിയ തണുത്ത വായു അവിടെ തന്നെ തുടരും. അതേസമയം കനം കുറഞ്ഞ ചൂട് വായുവിന് ഉള്ളിലെ തണുത്ത വായുവിന്റെ സാന്നിധ്യം മൂലം ഉള്ളിലേക്ക് കടക്കാനും കഴിയില്ല. ഇതാണ് വേനല്‍ക്കാലത്തും നിഗ്വു ഗുഹയിലെ മഞ്ഞ് മാറ്റമില്ലാതെ തുടരാന്‍ കാരണം.