നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു.
രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിനുശേഷം അറിയിച്ചു.
അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും പ്രശംസിക്കുകയും ചെയ്തു.
കോഴിക്കോട്ട് രോഗപ്രതിരോധത്തിന് മുന്‍കൈയെടുത്ത ഡോക്ടര്‍മാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിങ്ങനെ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചവരെ യോഗം അഭിനന്ദിച്ചു. ഈ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, സ്വകാര്യ ആശുപത്രികളുടെ പങ്കിനെയും നിപാ ബാധ ആദ്യം നിര്‍ണയിക്കാന്‍ സഹായിച്ച ഡോക്ടറെയും യോഗം അഭിനന്ദിച്ചു.
വായുവിലൂടെ പകരുമെന്ന ആശങ്ക വേണ്ട. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമേ ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളൂ. രണ്ടാമതൊരു സ്രോതസ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കും. മന്ത്രിമാര്‍, ജില്ലാ ഭരണകൂടം, ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതായി യോഗം വിലയിരുത്തി.
നിപാ ബാധ വന്നശേഷം ലോകത്ത് ഒരിടത്തും മരണനിരക്ക് ഇത്രയും കുറഞ്ഞരീതിയില്‍ പിടിച്ചുനിര്‍ത്താനായിട്ടില്ല. അന്താരാഷ്ട്ര, ദേശീയതലങ്ങളില്‍ ഇത് പ്രശംസിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്നവരുടെ ചികിത്സാചെലവ് റീ ഇംബേഴ്സ് ചെയ്യും. ജില്ലാ കളക്ടര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും തുക നല്‍കുക.
നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വീടുകളില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ 2400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് എത്തിക്കും. ഒരു കിറ്റില്‍ 10 കിലോ കുറുവ അരി, ഒരു കിലോ പഞ്ചസാര, ചെറുപയര്‍ 500 ഗ്രാം, ഉപ്പ് ഒരു കിലോ, തുവരപരിപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചായപ്പൊടി തുടങ്ങി അവശ്യസാധനങ്ങള്‍ എല്ലാമുണ്ടാകും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 12 വരെ തുറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനമാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിടത്ത് അതുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈറസ് പ്രതിരോധം സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ പ്രതിപക്ഷം പൂര്‍ണമായി യോജിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരുമായി സഹകരിച്ച്് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് നല്ല നിലപാടാണ്. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ അവസാനം വരെ ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നത മെഡിക്കല്‍ സംഘം കോഴിക്കോട് തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളില്‍ അവബോധം നല്‍കാനും തെറ്റായ പ്രചാരണങ്ങള്‍ തടയാനും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, എം.എല്‍.എമാരായ ഇ.പി. ജയരാജന്, എ. പ്രദീപ് കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, സി.കെ. നാണു, ഡോ. എം.കെ. മുനീര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, പി.സി ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.