News

നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസിഡന്റിന്റെ  പ്രസ്താവന സ്വാഗതാർഹമെന്ന്  ടൂറിസം മന്ത്രി 

നിപ വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന  ഐ എം എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ  പ്രസ്താവന  സ്വാഗതാർഹമാണെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം തികച്ചും സുരക്ഷിതമാണ്. അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്.

ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത്. സർക്കാരിന് വേണ്ടി ഞാൻ അവരെ  അഭിവാദ്യം ചെയ്യുന്നു. മന്ത്രി പറഞ്ഞു.

കോവളത്ത്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന  അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഡോ. രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.