നിപ്പ വൈറസ്: തിങ്കളാഴ്ച സർവകക്ഷി യോഗം; സുരക്ഷാ ഉപകരണങ്ങള്‍ കോഴിക്കോടെത്തി
നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാവും യോഗം.
കൂടാതെ നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചതായി മന്ത്രി ശൈലജ ടീച്ചര്‍ ഫെയിസ്ബുക്കില് കുറിച്ചു.
പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു. കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ഇന്ന് പനി ബാധിച്ചു മരിച്ചയാളിന് നിപ്പ ബാധയില്ലെന്നു സ്ഥിരീകരിച്ചെങ്കിലും നിപ്പക്കെതിരെ കനത്ത മുൻകരുതലാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.