Kerala

മഴ കനിഞ്ഞു കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഇനി സഞ്ചാരികളുടെ കാലം

മഴ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍മേഖലയിലെ ജലപാതങ്ങള്‍ സജീവമായി. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണത്തിനായി അടച്ച പാലരുവി ഇന്നും അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചിനും തുറക്കും.

തെങ്കാശി കുറ്റാലം സാറല്‍ സീസണിനും തുടക്കമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി വരള്‍ച്ചയിലായിരുന്ന ജലപാതങ്ങളാണു നിറഞ്ഞുകവിയുന്നത്.

മൂന്നു മാസത്തിനു മുന്‍പ് അടച്ച പാലരുവി ജലപാതം ഇന്ന് തുറക്കും. പാലരുവി ഇക്കോടൂറിസത്തിന്റെ ബസിലാകും സഞ്ചാരികളെ ജലപാതത്തിലേക്കു കൊണ്ടുപോവുക.

ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം സ്വകാര്യ വാഹനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വനംവകുപ്പ് രണ്ട് പുതിയ ബസും വാങ്ങിയിട്ടുണ്ട്.

അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചുമുതല്‍ തുറക്കും. അതേസമയം കുംഭാവുരുട്ടി ജലപാതം തുറക്കുന്നതിനെകുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും അച്ചന്‍കോവില്‍ ഡിഎഫ്ഒ അറിയിച്ചു.

ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ തെങ്കാശി കുറ്റാലം സാറല്‍ സീസണിനു തുടക്കമായി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണിത്. തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറ്റാലത്തെ ഔഷധ കുളിക്കായി സഞ്ചാരികള്‍ എത്താറുണ്ട്.