വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍
രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി.
മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്.
31 ബ്ലോക്കുകളില്‍ നാല് പേര് വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു.
ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.