News

മഴ മുന്‍കൂട്ടി അറിയിക്കാന്‍ മുംബൈ സ്റ്റേഷനുകളില്‍ റഡാര്‍

കാലവര്‍ഷം ജൂണ്‍ ആറിന് എത്താനിരിക്കെ, പാതയിലെ വെള്ളക്കെട്ട് തടയാന്‍ സ്റ്റേഷനുകളില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം വിവിധ നടപടികളുമായി റെയില്‍വേ. മുംബൈയിലെ തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന റഡാറുകള്‍ ഓരോ മണിക്കൂറിലും മഴയുടെ അവസ്ഥ പ്രവചിക്കും.

ഇതിനായി സ്ഥലം കണ്ടെത്താന്‍ റയില്‍വേ നടപടി ആരംഭിച്ചു. റഡാറുകള്‍ സ്ഥാപിക്കുന്നതോടെ ആ മേഖലയിലെ മഴയുടെ സാധ്യതകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കണ്ടെത്തി പ്രവചിക്കാനാകും.

അപ്രതീക്ഷിത വെള്ളക്കെട്ടുമൂലം എല്ലാവര്‍ഷവും ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പാതകളില്‍ പിടിച്ചിടുന്നതും സര്‍വീസ് റദ്ദു ചെയ്യുന്നതും പതിവാണ്. ഇതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും യഥാസമയം മഴയുടെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന തരത്തിലാകും സംവിധാനം ഒരുക്കുന്നതെന്നു റെയില്‍വേ വെളിപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ വര്‍ഷകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കരസേന, റെയില്‍വേ, എംഎംആര്‍ഡിഎ, ബിഎംസി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിനെത്തി. റഡാറിനു സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി മധ്യറെയില്‍വേ ജനറല്‍ മാനേജര്‍ ഡി.കെ. ശര്‍മ വെളിപ്പെടുത്തി.

ഈ വര്‍ഷം ലോക്കല്‍ ട്രെയിന്‍ മുടങ്ങാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. ബിഎംസി (ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍) കമ്മിഷണറും സഹായം വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

പതിവായി വെള്ളക്കെട്ടുണ്ടാകുന്ന സയണ്‍, കുര്‍ളമേഖലയില്‍ ഇത്തവണ റെയില്‍വേ 60 പമ്പുകള്‍ ഉപയോഗിക്കും. ഇതില്‍ 42 എണ്ണം റെയില്‍വേയുടെയും 18 എണ്ണം കോര്‍പറേഷന്റേതുമാണ്. വെള്ളക്കെട്ടില്‍ റേക്കുകള്‍ കേടാകുന്നതു തടയാന്‍ ആ ദിവസങ്ങളില്‍ 30% സര്‍വീസ് കുറയ്ക്കാനും റെയില്‍വേ തീരുമാനിച്ചു.