ആല്‍ചി.. ബുദ്ധവിഹാരങ്ങളില്‍ ഉറങ്ങുന്ന ശാന്തി തേടിയൊരു യാത്ര..
സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.
ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്‍റ്സ് എന്നറിയപ്പെടുന്നത്. ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചി തന്നെയാണ്. അല്‍ചി സന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ ബുദ്ധ സന്യാസ മഠങ്ങളാണ് ഇവിടെയുള്ളത്. ലഡാക്കിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് അല്‍ചി.
ലഡാക്കിലെ മറ്റു സന്യാസ മഠങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്‍ചി മഠം താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളതെല്ലാം മലയിടക്കുകളിലാണ്. വളരെ ഭംഗിയേറിയ ഘടനാവൈഭവമാണ് സന്യാസമഠങ്ങളുടെ നിര്‍മിതിക്ക്. പതിനൊന്നാം നൂറ്റാണ്ടിലാണ് ബുദ്ധസന്യാസ മഠങ്ങളുടെ ചരിത്രം ആരംഭിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ദു-ഖാങ്ങ്, സം-സെക്, ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങള്‍ ഈ മഠത്തില്‍ നിലകൊള്ളുന്നു. ബുദ്ധന്‍റെയും മറ്റ് പല ആരാധനാമൂര്‍ത്തികളുടെയും ചിത്രങ്ങള്‍ ക്ഷേത്രങ്ങള്‍ക്കകത്തെ ഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
പ്രകൃതി ഭംഗികളാല്‍ ചുറ്റപ്പെട്ട അതിവിശാലമായ പ്രദേശമാണ് അല്‍ചിയിലേത്. കണ്ണിനിമ്പമേകുന്ന കാഴ്ചകളാണ് ഇവിടെ അധികവുമുള്ളത്. കാരണം നാലു ചുറ്റും മഞ്ഞു വീണ് വെള്ളനിറത്തിലുള്ള പര്‍വതങ്ങളാണ്. സന്ന്യാസിമാരുടെ ആശ്രമജീവിതവും ദിനചര്യകളും വളരെ അടുത്തുനിന്നു കാണാനും നിരീക്ഷിക്കാനും ഇവിടെ സാധിക്കും. അതുകൊണ്ടുതന്നെ വിശ്വാസികളായ സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന പ്രദേശം കൂടിയാണിത്. രാത്രികാലങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ചില സ്ഥലങ്ങളും ഇവിടെയുണ്ട്.
ഏറ്റവും നല്ല കാലവസ്ഥയാണ് അല്‍ചിയിലേത്. മഞ്ഞുകാലം അത്ര നന്നല്ലെങ്കിലും വേനല്‍ക്കാലം കുറച്ചുകൂടെ സുഖകരമാണ്. മഴ എല്ലാ സീസണിലും ഉണ്ടാകാറുണ്ട്, പൊതുവെ വേനല്‍ക്കാല രാത്രികളില്‍ ചൂട് കുറവാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളാണ് അല്‍ചി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. ലേയില്‍ നിന്നും 70 കിലോമീറ്ററാണ് ആല്‍ചിയിലേക്കുള്ള ദൂരം. മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും ഇവിടേക്ക് എല്ലാ ദിവസവും ബസ് സര്‍വീസ് ലഭ്യമാണ്.