News

ഇന്ധനവിലയുടെ നികുതിയില്‍ ഇളവ്: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുറയും

സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം.  ഇന്ധനവിലയ്ക്കു മുകളില്‍ ഏര്‍പ്പെടുത്തിയ അധികനികുതി എടുത്തു കളയാനാണ് മന്ത്രി സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

എന്നാല്‍ നികുതി എത്ര കുറയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതി കുറച്ച് പുതിയ ഇന്ധന വില ജൂണ്‍ ഒന്നിനു നിലവില്‍ വരും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. പെട്രോളിന് 32.02 ശതമാനം (19.22 രൂപ), ഡീസലിന് 25.58 ശതമാനം (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.