യാത്രയില്‍ സഹായിക്കാന്‍ ഇനി റാഡ റോബോട്ട് ഉണ്ട്

ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സഹായത്തിനായി ഇനി ഹ്യൂമനോയ്ഡ് റോബോട്ട്. ടെര്‍മിനല്‍ മൂന്നിലെ വിസ്താര സിഗ്നേച്ചര്‍ ലോഞ്ചിലെത്തുന്നവര്‍ക്ക് സഹായത്തിനായി ജൂലൈ അഞ്ച് മുതല്‍ റാഡ എന്ന റോബോട്ട് ഉണ്ടാകും.


യാത്രക്കാരുടെ സംശയത്തിന് മറുപടി പറയുക, ബോര്‍ഡിങ് പാസുകള്‍ പരിശോധിക്കുക, വിമാനങ്ങളുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കുക, യാത്ര ചെയ്യുന്ന നഗരത്തിലെ കാലാവസ്ഥ അറിയിക്കുക എന്നിവയാവും റാഡ നിര്‍വഹിക്കുന്ന ജോലികള്‍.

കുട്ടികള്‍ക്കുള്ള വിവിധ ഗെയിമുകള്‍ ഒരുക്കാനും വിമാനങ്ങള്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്റെ മടുപ്പ് മാറ്റാന്‍ വീഡിയോയും ഗാനങ്ങളും പ്ലേ ചെയ്യാനും റാഡ തയ്യാര്‍.

ടാറ്റ ഇന്നൊവേഷന്‍ ലാബിലെ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് റാഡയെ വികസിപ്പിച്ചെടുത്തത്.