പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ദുബൈയില്‍ സൗജന്യ പാർക്കിങ്
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ 40 പെയ്ഡ് പാർക്കിങ് പ്രദേശങ്ങളിൽ 70 സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങളാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്.
ബുർജ് ഖലീഫ, ദുബൈ മറീന, ശൈഖ് സായിദ് റോഡ് തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം സൗജന്യ പാർക്കിങ്ങ് ലഭ്യമാകുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇ മൈത ബിൻ അതായി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായുള്ള സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങൾ പച്ച വരകളിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന് തുടർച്ചയായി നാലു മണിക്കൂർ ഇവിടെ സൗജന്യമായി പാർക്ക് ചെയ്യാം. കാർബൺ ബഹിർഗമനം കുറക്കാനും ഹരിത പദ്ധതികൾക്ക് പിന്തുണയേകാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും മൈത ബിൻ അതായി പറഞ്ഞു.