News

കാറ്റും മഴയും: ട്രെയിനുകള്‍ വൈകിയോടുന്നു

കാറ്റിൽ മരം വീണ് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിയതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂറോളം വൈകിയോടുന്നു. ലൈനിലെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിനരികിൽ ഇന്നലെ രാത്രി ശക്തമായ കാറ്റിൽ പ്ലാവ് കടപുഴകി റെയിൽവേ വൈദ്യുതിലൈനിലേക്ക് വീണു.

പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് 10 മണിക്കാണ് പുറപ്പെട്ടത്. മലപ്പുറത്ത് പരപ്പനങ്ങാടി ചെട്ടിപ്പടിക്കു സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏഴരയോടെ ചെന്നൈ- മംഗലാപുരം മെയിൽ കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഒന്നര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

തിരുവനന്തപുരം മംഗലാപുരം- മാവേലി എക്‌സ്പ്രസും (16604) തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസും (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് ആറു മണിക്കൂറും നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് മൂന്നു മണിക്കൂറും തിരുവനന്തപുരം- ഷൊർണൂര്‍ വേണാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറും തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സ്പ്രസ് അഞ്ചര മണിക്കൂറുമാണ് വൈകിയോടുന്നത്.