Kerala

ചിന്നാര്‍ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ പഠനകേന്ദ്രമാകുന്നു

നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനകേന്ദ്രമാവാന്‍ ചിന്നാര്‍ വന്യ ജീവി സങ്കേതം തയ്യാറാവുന്നു. സംസ്ഥാനത്തു തന്നെ നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് ചിന്നാര്‍. ജൂണ്‍ ആദ്യ വാരമാണ് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് അറിയിച്ചു.

നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ ഏകദേശം കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനനസ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണു പുതിയ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഫീല്‍ഡ് ഡയറക്ടര്‍ (കോട്ടയം), ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍ ശാസ്ത്രീയ പഠനത്തിനു മേല്‍നോട്ടം വഹിക്കും. നിലവില്‍ കേരളത്തില്‍ എവിടെയെങ്കിലും നക്ഷത്ര ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമോ അവയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേത്തില്‍ എത്തിക്കുകയാണു പതിവ്.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച 400ല്‍പരം നക്ഷത്ര ആമകളെയാണു ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്.

വന്യജീവി സങ്കേത്തിലെ മഴനിഴല്‍ക്കാടുകളിലാണ് ഇവ ഇപ്പോള്‍ വിഹരിക്കുന്നത്. 2015 ഓഗസ്റ്റില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പിടിച്ചെടുത്ത 200 നക്ഷത്ര ആമക്കുഞ്ഞുങ്ങള്‍ ഒന്നൊഴികെ 199 എണ്ണവും ഒരു വര്‍ഷത്തെ സൂക്ഷ്മമായ പുനരധിവാസ പ്രക്രിയയിലൂടെ വന്യജീവി സങ്കേതത്തില്‍ സ്വതന്ത്രമാക്കിയിരുന്നുവെന്ന് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു പറഞ്ഞു