ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ്‌ അസ്‌ലം ഒഎം പങ്കുവെക്കുന്നു.

എങ്ങനെ പോകാം

കടലും കരയും സ്നേഹം തരുന്ന ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, താമസം, താമസം ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. രണ്ട്- സ്വകാര്യ ടൂർ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജൻസികൾ ഉണ്ട് ടൂർ നടത്തുന്നവർ. പലരും പല ഫീസുകൾ ആണ് ഈടാക്കുന്നത്.

ആദ്യം അഡ്വാൻസ് തുക അടച്ച് ഒരുമാസത്തിൽ അധികം കാത്തിരിക്കണം. ദ്വീപുകൾക്ക് അനുസരിച്ചു ഏകദേശം 15000 മുതൽ 30000 രൂപ വരെ സ്വകാര്യ ഏജൻസികൾ ഈടാക്കും. സര്‍ക്കാര്‍-സ്വകാര്യ പാക്കേജില്‍ സ്പോൺസർമാരെ ഇവര്‍ത്തന്നെ ഏര്‍പ്പാടാക്കും. മൂന്ന്- സ്പോൺസർമാരെ അവരവര്‍ തന്നെ കണ്ടെത്തി പോകുക. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. സ്പോൺസർമാർ നമ്മളെ അതിഥികളായി അങ്ങോട്ട്‌ ക്ഷണിക്കുന്നു. ഇതിനുള്ള പെര്‍മിറ്റ്‌ യാത്രപോകുന്നവര്‍ എടുക്കണം.

പെര്‍മിറ്റ് ലഭിക്കാന്‍ കാത്തിരിക്കണം

ആദ്യം സ്‌പോൺസറുടെ ഡിക്ലറേഷൻ ഫോം സംഘടിപ്പിക്കണം. സ്പോണ്‍സര്‍ ലക്ഷദ്വീപ് നിവാസിയായിരിക്കണം. ഞാൻ ഇദ്ദേഹത്തെ/ഇവരെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു എന്ന ക്ലിയറന്‍സ് ആണ് ലഭിക്കേണ്ടത്. പിന്നീട് ഡിക്ലറേഷൻ ഫോമുമായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കുക. തന്‍റെ പേരിൽ കേസുകൾ ഒന്നും ഇല്ല എന്ന് തെളിയിക്കുന്നതിനാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. അപേക്ഷിക്കുമ്പോൾ ഫോട്ടോ, തിരിച്ചറിയൽ കാർഡിന്‍റെ കോപ്പി, അഡ്രസ്സ് എന്നിവ സഹിതം ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നു എന്ന് അപേക്ഷ എഴുതി പൊലീസിൽ അപേക്ഷിക്കുക. കേസുകള്‍ ഇല്ലെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് ലക്ഷദ്വീപ് ഓഫീസിൽ പെർമിറ്റിനു അപേക്ഷിക്കുക.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അഡ്രസ്സ്, തിരിച്ചറിയൽ കാർഡ്, ഫോട്ടോ, രണ്ടു അയൽവാസികളുടെ അഡ്രസ്സ്, ഡിക്ലറേഷൻ ഫോം എന്നിവയുമായി കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡില്‍ ലക്ഷദ്വീപ് ഓഫീസില്‍ പോയി പെർമിറ്റ്‌ അപേക്ഷിക്കുക. 200 രൂപയുടെ ഹെറിറ്റേജ് ഫീസ് അടച്ചുവേണം അപേക്ഷ സമർപ്പിക്കാൻ. ഏകേദശം ഒരുമാസമെടുക്കും പെർമിറ്റ്‌ ലഭിക്കാന്‍. പെർമിറ്റ്‌ ലഭിച്ചാല്‍ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് ലഭിക്കാന്‍ താമസമെടുക്കും. കേരളത്തില്‍ നിന്നും ദിനംപ്രതി ആയിരങ്ങളാണ് ലക്ഷദ്വീപിലേയ്ക്ക് പോകുന്നത്. ടൂറിസം സീസൺ ആണെങ്കില്‍ ഒരുമാസം വരെ ടിക്കറ്റിനുവേണ്ടി കാത്തു നിൽക്കേണ്ടി വരും.

കപ്പലിൽ പോകാൻ

പെർമിറ്റ്‌ കിട്ടിയാൽ കപ്പൽ ഷെഡ്യൂൾ നോക്കി കൊച്ചിയിൽ നിന്നോ, മംഗളൂരിൽ നിന്നോ, ബേപ്പൂരിൽ നിന്നോ കപ്പൽ ബുക്ക്‌ ചെയ്യാം. കപ്പലിൽ ഫസ്റ്റ് ക്ലാസ്, (മുറിയിൽ രണ്ടു ബെഡ്, അറ്റാച്ച്ട് ബാത്ത്റൂം). സെക്കന്‍റ് ക്ലാസ്സ്‌, (റൂമിൽ നാലു ബെഡ്‌ ഉണ്ടാകും) ബങ്ക് ക്ലാസ് എന്നിങ്ങനെയാണ് റൂം സൗകര്യം. ഏറ്റവും പൈസ കുറഞ്ഞതാണ് ബങ്ക് ക്ലാസ്. ട്രെയിനിലെ തേഡ് എസി പോലെയുള്ള സംവിധാനം.

വിമാനത്തില്‍ പോകാന്‍

അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസുള്ളത്. ചെലവു കൂടുതലുള്ള യാത്രാ മാര്‍ഗമാണിത്. പെർമിറ്റ് എടുക്കുമ്പോള്‍ അഗത്തി വഴി, പോകാൻ ഉദ്ദേശിക്കുന്ന ദ്വീപിലേക്ക് പെർമിറ്റിനു അപേക്ഷിക്കുക. അഗത്തിയിൽ വിമാനം ഇറങ്ങിയാൽ ജെട്ടിയിൽ നിന്നും ഓരോ ദ്വീപിലേക്കും വെസൽ ടിക്കറ്റ് ലഭിക്കും. ബോർഡിങ് പാസ് കാണിച്ചുവേണം ടിക്കറ്റ് എടുക്കാൻ.

ദ്വീപിൽ എത്തിയാൽ

ദ്വീപിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും പെർമിറ്റുമായി ദ്വീപിലെ പൊലീസ് സ്റ്റേഷനിൽ പോയി എൻട്രി സീൽ പതിപ്പിക്കണം. എസ്ഐ സീൽ വെച്ചുകഴിഞ്ഞാല്‍ പെർമിറ്റ്‌ തിരികെ വാങ്ങി കയ്യിൽ സൂക്ഷിക്കുക. ദ്വീപില്‍ നിന്നും തിരിച്ചു വരുമ്പോൾ വീണ്ടും പെർമിറ്റ് റിട്ടേൺ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവയുമായി എക്സിറ്റ് സീൽ പതിപ്പിക്കുക.

ഏകദേശ ചെലവുകൾ

  • കപ്പലില്‍ പോകാന്‍ ഫസ്റ്റ് ക്ലാസിനു 3740 രൂപയും സെക്കന്‍റ് ക്ലാസിനു 1220 രൂപയും ബങ്ക് ക്ലാസിനു 480 രൂപയുമാണ് ചെലവ്. വെസലില്‍ കടലിലൂടെ സഞ്ചരിക്കാന്‍ 500 രൂപയാകും.
  • എസി റൂം ആണെങ്കില്‍ 900 രൂപയും നോണ്‍ എസി റൂം ആണെങ്കില്‍ 450 രൂപയുമാകും.
  • വിമാന ടിക്കറ്റ് ഏകദേശം 6000 രൂപയാകും. സീസണ്‍ അനുസരിച്ച് മാറ്റംവരും.
  • ഭക്ഷണത്തിനു ദിവസം ചുരുങ്ങിയത് 200 രൂപയെ ആകൂ. കൂടുതലും കടല്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ലഭിക്കുക.
  • ഡൈവിംഗ്, കയാക്കിങ്, ഗ്ലാസ്സ് ബോട്ടിങ് തുടങ്ങിയ ജല ടൂറിസമാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം. ഒരാൾക്ക് 2000 രൂപയാണ് ഡൈവിംഗ് ചാർജ്. ഗ്ലാസ്സ് ബോട്ടിങ്ങിനു 1500 രൂപയാണ് ചാർജ്. ഒരു ബോട്ടിൽ 10 പേർക്ക് കടലില്‍ സഞ്ചരിക്കാം.

നവംബര്‍ മുതല്‍ മെയ് പകുതിവരെയാണ്‌ ലക്ഷദ്വീപ് സന്ദരിക്കാന്‍ പറ്റിയ സമയം. മഴക്കാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കടലും കരയും ശാന്തമായിരിക്കുന്ന സമയത്താണ് ലക്ഷദ്വീപ്‌ കൂടുതല്‍ മനോഹരിയാകുക.