എന്‍ ഊര് പൈതൃക ഗ്രാമം ഡിസംബറില്‍ പൂര്‍ത്തിയാകും
ആദിവാസി സംസ്കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്.
ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്.
പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി വയനാടന്‍ ടൂറിസത്തിന് കരുത്ത് പകരും. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം.
എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും.
പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള സംഭരണ ശാലയും ഇവിടെ നിര്‍മിക്കുന്നുണ്ട്. എന്‍ ഊര് പദ്ധതി നടപ്പാക്കുന്നതോടെ വയനാടന്‍ ടൂറിസത്തിന്റെ കവാടമായി ഇത് മാറും. ഇവിടെ 16 മുറികളും ചെറിയ ഹാളുകളും തയ്യാറായി വരുന്നു. ഉല്‍പ്പന്നങ്ങള്‍ ട്രൈബല്‍ സൊസൈറ്റികള്‍ക്കും വ്യക്തികള്‍ക്കും വില്ക്കാന് മുറികള്‍ ചെറിയ വാടകയ്ക്ക് നല്‍കും. ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ എന്‍ ഊരില്‍തന്നെ ഉല്‍പ്പാദിപ്പിച്ച് വില്ക്കാന് കഴിയും.