News

നമ്മ ടൈഗര്‍ വെബ് ടാക്‌സി മേഖല പ്രതീക്ഷയില്‍

കര്‍ണാടകയില്‍ എച്ച്. ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഗതാഗതവകുപ്പ് ലൈസന്‍സ് റദ്ദാക്കിയ നമ്മ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതീക്ഷയില്‍. നമ്മ ടൈഗര്‍ വെബ് ടാക്‌സി സര്‍വീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാരംഭിക്കാന്‍ വഴിതെളിയുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വെബ്ടാക്‌സി കമ്പനി ആരംഭിച്ചാല്‍ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ നമ്മ ടൈഗര്‍ വെബ്ടാക്‌സി സര്‍വീസ് ആരംഭിച്ചത്.

എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കാബ് സര്‍വീസിനു ലൈസന്‍സില്ല എന്നപേരില്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. ഇതോടെ നിരത്തുകളില്‍നിന്നു പിന്‍വാങ്ങിയ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ പലരും മറ്റു കമ്പനികളിലേക്കു മാറി.

ഓല, ഊബര്‍ വെബ്ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നതു തടയാന്‍കൂടി ലക്ഷ്യമിട്ടാണ് നമ്മ ടൈഗര്‍ ടാക്‌സി ആരംഭിച്ചത്.

തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സര്‍ജ് പ്രൈസിങ് സമ്പ്രദായമില്ലാതെ എല്ലാ സമയത്തും ഒരേ നിരക്കാണ് ടൈഗര്‍ ടാക്‌സിയില്‍ ഈടാക്കിയിരുന്നത്. കൂടാതെ ഡ്രൈവര്‍മാര്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിരുന്നു.