കോട്ടയത്ത് ഇന്ന് യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍
പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന് കെവിന്റെ മരണത്തെ തുടര്‍ന്ന് കോട്ടയത്ത് ഇന്ന് യുഡിഎഫ്- ബിജെപി ഹര്‍ത്താല്‍. കെവിന്റെ മരണം പോലീസ് അനാസ്ഥയെ തുടര്‍ന്നാണെന്ന് ആരോപിച്ചാണ് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെയാണ് കാണാതായ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോയുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധുവിനെ മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു.