ലോക പ്രശസ്തി നേടിയ ഏഷ്യയിലെ രാത്രി ചന്തകള്‍
ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
കാഴ്ചകള്‍ക്കൊപ്പം നിരവധി രാത്രി ചന്തകളും ഏഷ്യയില്‍ നിലവിലുണ്ട്്. നാം ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാദേശിക സാംസ്ക്കാരത്തിനെക്കുറിച്ചറിയാന് രാത്രി ചന്തകള്‍ നമ്മളെ നന്നായി സഹായിക്കും.
ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു അനുഭവമായിരിക്കും. ഇതില്‍ ചില കടകള്‍ വര്‍ഷം മുഴുവനും, ചിലത് വാരാന്ത്യത്തിലും ചിലത് സീസണലുമാണ്. അടുത്ത അവധിക്കാലത്ത് ഏഷ്യയിലെ ഈ തെരുവുകളില്‍ നല്ലൊരു ഷോപ്പിംഗ് അനുഭവം തേടി പോകാവുന്നതാണ്.
ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ്, ഹോങ്കോങ്
ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ബസാറായ ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് ഹോങ്കോങിലെ ഏറ്റവും വലുതും ഒരുപാട് വിനോദ സഞ്ചാരികള്‍ എത്തുന്ന നൈറ്റ് മാര്‍ക്കറ്റും കൂടിയാണ്. ഒരു കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മാര്‍ക്കറ്റില്‍ വില കുറഞ്ഞ തുണികളും, ഇലക്ട്രോണിക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാണ്. കൗലൂണില്‍ സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റ് ചൈനയുടെ ബൃഹത്തായ കലാ പാരമ്പര്യവും ആഘോഷ സംസ്കാരവും സാക്ഷ്യപ്പെടുത്തും.
ബെന്‍ താന്‍ നൈറ്റ് മാര്‍ക്കറ്റ്, വിയറ്റ്നാം
സൈഗോണിലെ ഏറ്റവും പുരാതനമായ മാര്‍ക്കറ്റും, ഹോ ചി മിന് സിറ്റിയുടെ ഒരു പ്രധാന മുഖമുദ്രയുമാണ് ബെന്‍ താന്‍ നൈറ്റ് മാര്‍ക്കറ്റ്. കരകൗശലവസ്തുക്കള്‍, തുണികള്‍, പ്രാദേശിക ഭക്ഷണങ്ങള്‍ എന്നിവ വാങ്ങാന്‍ വിദേശ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഫ്രഞ്ച് അധിനിവേശ ശക്തികള്‍ നിര്‍മ്മിച്ച ഈ മാര്‍ക്കറ്റ് 1870 തീപിടുത്തത്തില്‍ നശിച്ചിരുന്നു. പിന്നീട് പുനര്‍നിര്‍മ്മാണത്തിലൂടെ സൈഗോണിലെ ഏറ്റവും നല്ല മാര്‍ക്കറ്റായി ഇത് മാറി.
ഇന്ഗോസ് സാറ്റര്‍ഡേ നൈറ്റ് ബസാര്‍, ഗോവ
പാര്‍ട്ടികളും ബീച്ചുകളും കൊണ്ട് പ്രശസ്തമാണ് ഗോവ. ചൂട് സമയത്ത് ബീച്ചുകളില്‍ നിന്നൊക്കെ മാറി മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഒരുപാട് കാര്യങ്ങളുണ്ട്. നോര്‍ത്ത് ഗോവയിലെ ആര്പോറയിലുള്ള ഇന്ഗോസ് സാറ്റര്‍ഡേ നൈറ്റ് ബസാര്‍, ഇന്ത്യയിലെ പ്രശസ്തമായൊരു നൈറ്റ് മാര്‍ക്കറ്റാണ്. സുഗന്ധ വ്യഞ്ജന വസ്തുക്കള്‍, ആഭരണങ്ങള്‍, ബീച്ച് വസ്ത്രങ്ങള്‍ മുതല്‍ വൈനുകള്‍ വരെ ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഗോവയിലെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ മാത്രമല്ല, മെക്സിക്കന്‍ മുതല്‍ ഇറ്റാലിയന്‍ വരെയുള്ള ഭക്ഷണ സാധനങ്ങളും ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്.