ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ
ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു.
പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്.
ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ദുബൈ ടാക്സി ശ്രമിക്കുന്നതെന്ന് യൂസഫ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം കൂട്ടി ഇന്ധന ഉപയോഗം കുറയ്ക്കാനാണ് ആർടിഎ തീരുമാനം. ഇതിനായി ഹൈബ്രിഡ് വാഹനങ്ങൾ വ്യാപകമാക്കും.