Special

കാശ്മീരിന്റെ സപ്തസ്വരങ്ങള്‍

ഇന്ത്യയുടെ സൗന്ദര്യ കിരീടമാണ് കാശ്മീര്‍. കശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവ. ഇവയൊക്കെ പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങള്‍ അത്ര അറിയപ്പെടുന്നവയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കശ്മീരിലെ മറ്റാര്‍ക്കും അറിയാത്ത ഈ സ്ഥലങ്ങളുടെ സൗന്ദര്യം അനുഭവിക്കണം.

ലോലബ് വാലി

ലഹ്വാന്‍ നദിയാണ് കശ്മീരിന്റെ വടക്ക്-പടിഞ്ഞാറുള്ള ലോലബ് താഴ്വരയെ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ താഴ്വരയിലൊന്നാണിത്. പൈന്‍ കാടുകളും, ഫിര്‍ മരങ്ങളും കൊണ്ട് മൂടിക്കിടക്കുന്ന പ്രദേശമാണ് ലോലബ് വാലി. അവിടുത്തെ ഒരു പഴങ്ങളുടെ ഒരു തോട്ടമാണ് ലോലബ് വാലിയെന്ന് പറയാം. സീസണാകുമ്പോള്‍ ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് എന്നിവ കൊണ്ട് ഇവിടം സമ്പന്നമാകും.

യൂസ്മാര്‍ഗ്

ദൂത്ഗംഗയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് യൂസ്മാര്‍ഗ്. യേശുവിന്റെ പുല്‍മേടാണിവിടം എന്നാണ് പ്രാദേശികമായി പറയുന്നത്. പുല്‍മേടുകളും കായലിലെ കാഴ്ചകളും മാത്രമല്ല നീലംഗ് , ദൂത്ഗംഗ , ഫ്രെസ്‌നംഗ് , ഹെയ്ജാന്‍ , ബര്‍ഗ , സംങ് സേഫ്ഡ് , ലിഡന്‍ മാഡ് എന്നീ സ്ഥലങ്ങളിലൊക്കെ ട്രെക്കിംഗിന് പോകാം.

ഗുരേസ് വാലി

വടക്കന്‍ കശ്മീരിലെ ഈ സുന്ദരമായ താഴ്വരയിലൂടെയാണ് കിഷന്‍ഗംഗ നദി ഒഴുകുന്നത്. നദി ഒഴുകുന്നത് കാണാനും പിരമിഡ് ആകൃതിയിലുള്ള ഹബ്ബ ഖാത്തൂന്‍ മല കാണാനും ഇവിടെയെത്താം. വിഖ്യാത കശ്മീരി കവിയുടെ പേരാണ് ഈ മലയുടേത്. ചരിത്രപ്രസിദ്ധമായ സില്‍ക്ക് പാതയുടെ ഒരു ഭാഗമായിരുന്നു ഗുരേസ് വാലി. ഇപ്പോള്‍ ജമ്മു-കശ്മീര്‍ ടൂറിസം വകുപ്പ് ഗുരേസ് വാലിയിലേക്ക് 20 മിനിട്ട് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുണ്ട്.

അഹര്‍ബല്‍

കശ്മീരിന്റെ തെക്ക് ഭാഗത്തുള്ള ഒരു ചെറിയ ഹില്‍സ്റ്റേഷനാണ് അഹര്‍ബല്‍. കുല്‍ഗാം ജില്ലയിലാണ് അഹര്‍ബല്‍. ജേലം നദിയുടെ ഭാഗമായ വേഷവ നദിക്കരയിലാണ് അഹര്‍ബല്‍. അഹര്‍ബല്‍ വെള്ളച്ചാട്ടത്തെ കശ്മീരിന്റെ നയാഗ്ര വെള്ളച്ചാട്ടമെന്നാണ് അറിയപ്പെടുന്നത്. സാഹസിക ടൂറിസത്തിന് പറ്റിയ ഇടം കൂടിയാണ് ഇവിടം. അഹര്‍ബലില്‍ നിന്നാണ് കൊസര്‍നാഗ് തടാകത്തിലേക്കുള്ള ട്രെക്കിംഗ് പാത.

അരു

പഹല്‍ഗാമില്‍ നിന്ന് 14കിലോമീറ്റര്‍ മുകളില്‍ മാറിയുള്ള സുന്ദരമായ ചെറിയ ഗ്രാമമാണ് അരു. പുല്‍മേടുകള്‍, ചെറിയ നദി, മലകള്‍, പച്ചപ്പ്, ആതിഥ്യമര്യാദ എന്നിവ അരുവിന്റെ മാത്രം പ്രത്യേകതയാണ്. മുന്‍പ് ഇവിടെ കുറേ വിദേശസഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിയിരുന്നു. മനോഹരമായ തടാകങ്ങള്‍, താഴ്വരകള്‍, പുല്‍മേടുകള്‍, ക്യാംപിംഗ് സ്ഥലങ്ങളായ ലിഡര്‍വാട്ട്, അരംപാത്തിരി , ടര്‍സര്‍ മര്‍സര്‍ ലേക്കുകള്‍ , കൊലഹോയ് ഹിമപ്പരപ്പ് എന്നിവിടങ്ങളിലേക്ക് പോകുന്നത് അരുവില്‍ നിന്നാണ്.

ദൂത്പത്രി

പാലിന്റെ താഴ്വര അഥവാ ദൂത്പത്രി, ബൗള്‍ ആകൃതിയിലുള്ള വലിയ പുല്‍ത്തകിടിയാണ് ഇത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബഡ്ഗാം ജില്ലയിലാണ് ദൂത്പത്രി. ഒരു ശാന്തമായ ഇടമാണ് ദൂത്പത്രി. ഇവിടുത്തെ ഡെവലപ്‌മെന്റ് അതോറിറ്റി താമസസൗകര്യത്തിനായി ഇവിടെ ഇഗ്ലൂസ് സ്ഥാപിച്ചിട്ടുണ്ട്. പുല്‍മേടുകള്‍ക്ക് കുറച്ച് അപ്പുറത്താണ് ഷാലിഗംഗയും കുഗ്രാമമായ മുജ്പത്രിയും.

ഡക്ക്‌സം

ബ്രിന്‍ഗി നദിയുടെ മടിത്തട്ടിലാണ് ഡക്ക്‌സം എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊടുങ്കാട് കൊണ്ട് ചുറ്റപ്പെട്ട ഈ ഗ്രാമം ട്രെക്കിംഗ് സ്വര്‍ഗമാണ്. സിന്തന്‍ പാസിലേക്ക് പോകാം. അവിടെ വര്‍ഷത്തില്‍ പകുതി സമയവും മഞ്ഞ് മൂടി കിടക്കുകയായിരിക്കും. ചെമ്മരിയാട്, മറ്റ് കന്നുകാലികളുടെ പ്രജനന കേന്ദ്രമാണ് ഡക്ക്‌സമിലെ കാടുകള്‍, കൂടാതെ ബ്രിന്‍ഗി നദിയില്‍ മീന്‍ പിടിത്തത്തിനും അനുയോജ്യമായ ഇടമാണ്.