ദല്‍ഹി കിഴക്കന്‍ മേഖലയിലെ അതിവേഗ ഇടനാഴി ഇന്ന് തുറക്കും
നഗരക്കുരുക്കഴിക്കുന്ന കിഴക്കന്‍ അതിവേഗ പാത ഇന്നു തുറന്നു നല്‍കും. 11000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിര്‍വഹിക്കുക. രാജ്യത്തെ ആദ്യ ഹരിത ദേശീയപാത എന്നു വിശേഷിപ്പിക്കുന്ന കിഴക്കന്‍ മേഖല അതിവേഗ ഇടനാഴി വരുന്നതോടെ നഗരത്തിനുള്ളിലെ തിരക്ക് ഏറെ കുറയുമെന്നാണു പ്രതീക്ഷ.
കിഴക്കന്‍ മേഖല ഇടനാഴി ഹരിയാനയിലെ സോനിപത്തില്‍ നിന്നു തുടങ്ങി ബാഗ്പത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ (നോയിഡ) വഴി ഫരീദാബാദിലെ പല്‍വലില്‍ എത്തും. കുണ്ഡ്‌ലി, മനേസര്‍ വഴി പല്‍വലില്‍ എത്തുന്ന, 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80% പൂര്‍ത്തിയായിട്ടുണ്ട്. 4418 കോടി രൂപ ചെലവിലാണ് ഈ ഇടനാഴി നിര്‍മിക്കുന്നത്.
ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് പാതയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പമാണു ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇടനാഴി ആസൂത്രണം ചെയ്തത്.
നിര്‍മാണത്തിനായി 11,000 കോടി രൂപ ചെലവായി. ഭൂമി ഏറ്റെടുക്കലിനു മാത്രമായി 5,900 കോടി രൂപയാണു ചെലവാക്കിയത്. പ്രതിദിനം രണ്ടു ലക്ഷം വാഹനങ്ങള്‍ ഈ പാതയിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷ.
എന്‍ടിപിസിയുടെ വിവിധ പ്ലാന്റുകളില്‍ നിന്നെത്തിച്ച 10 ലക്ഷം ടണ്‍ ഫ്‌ലൈആഷ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിലെ തിരക്ക് ഗണ്യമായി കുറയും.
മൂന്നു പ്രധാന പാലങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 400 നിര്‍മിതികളാണ് പാതയ്ക്കു വേണ്ടി നിര്‍മിച്ചത്. യമുനാ നദിക്കും ഹിന്‍ഡന്‍ നദിക്കും, ആഗ്രാ കനാലിന് കുറുകെയുമാണ് പാലങ്ങള്‍.
എട്ട് ഇന്റര്‍ ചെയിഞ്ചുകള്‍, നാലു മേല്‍പാലങ്ങള്‍, 71 വാഹന അടിപ്പാതകള്‍, ആറ് റെയില്‍വേ ഓവര്‍ ബ്രിജുകളും നിര്‍മിച്ചിട്ടുണ്ട്. 10.2 ലക്ഷം ടണ്‍ സിമന്റ് പാതയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചു. ഒരു ലക്ഷം ടണ്‍ ഉരുക്ക്, 19 ലക്ഷം ടണ്‍ മണല്‍, 50 ലക്ഷം ടണ്‍ അനുബന്ധ വസ്തുക്കള്‍ എന്നിവയും ഇതിനു വേണ്ടി ചെലവഴിച്ചു.
രണ്ടര ലക്ഷം വൃക്ഷത്തൈകളാണ് നിരത്തിന് ഇരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്നത്. വഴിവിളക്കുകള്‍ തെളിയുക സൗരോര്‍ജ സഹായത്തോടെ. സൗരോര്‍ജം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ അതിവേഗ പാതയാകുമിത്. നാലു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള എട്ടു സോളര്‍ പവര്‍ പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ നിന്നുള്ള ഊര്‍ജമാകും അണ്ടര്‍ പാസുകളിലെ വൈദ്യുതി സംവിധാനത്തിനുള്‍പ്പെടെ ഉപയോഗിക്കുക. ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണികള്‍. റോഡിന്റെ ഇരുവശത്തുമായി ദേശീയ സ്മാരകങ്ങളുടെയും മറ്റും മാതൃക നിര്‍മിച്ചിട്ടുണ്ട്. 40 ഫൗണ്ടനുകളും.
പ്രധാന പാലങ്ങള്‍, ടോള്‍ പ്ലാസകള്‍ എന്നിവയിലാണു ജലധാര സംവിധാനം. ഇതെല്ലാം പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി സൗരോര്‍ജ സംവിധാനത്തില്‍ നിന്നാണു ലഭിക്കുക. 135 കിലോമീറ്റര്‍ പാതയ്ക്ക് ഇരുവശവും ഹരിത കവചമുണ്ട്. ഓരോ 25 കിലോമീറ്റര്‍ ദൂരത്തിലും ശുചിമുറികളും.