ശക്തമായ മഴക്കും തിരമാലക്കും സാധ്യത
ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്തമഴ തുടരുന്നു. ഇന്നലെ ഉച്ചവരെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് കനത്തമഴ പെയ്തു. ഈ മാസം 30 വരെ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 28 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകുമെന്ന് ഇൻകോയിസ് മുന്നറിയിപ്പു നൽകി. മൂന്നുമുതൽ മൂന്നരമീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കും.
വടക്ക്-പടിഞ്ഞാറൻ ദിശയിൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും കനത്തമഴയും എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷവും അടുത്ത ഏതാനും ദിവസങ്ങൾക്കകം കേരള തീരത്തെത്തും.ഇന്ന് 12 സെന്റി മീറ്ററിന് മുകളിൽ മഴയുണ്ടാകും. 29നും 30നും ചിലസ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.