Destinations

നിര്‍മിതിയിലെ അത്ഭുതം… ഗ്വാളിയാര്‍ കോട്ട

താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാല്‍ ചുറ്റപ്പെട്ട ഗ്വാളിയോർ കോട്ട മധ്യപ്രദേശിന്‍റെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു. കോട്ട നിര്‍മിച്ചത് ആറാം നൂറ്റാണ്ടില്‍ ആണെന്നും പത്താം നൂറ്റാണ്ടില്‍ ആണെന്നും പറയപ്പെടുന്നു. നിരവധി രാജവംശങ്ങള്‍ ഭരിച്ച കോട്ട ആരാണെന്നോ എപ്പോഴാണെനോ നിർമിച്ചതെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ല. പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ സുരജ് സെൻ എന്നു പേരായ രാജാവാണ് കോട്ട നിർമിച്ചത്.

രാജാവ് കുഷ്ഠരോഗ ബാധിതനായപ്പോൾ കോട്ടയ്ക്കകത്തുള്ള കുളത്തിൽ നിന്നും ജലമെടുത്തണ് ഗ്വാളിപാ എന്നു പേരായ സന്യാസി അദ്ദേഹത്തെ സുഖപ്പെടുത്തിയത്. അന്ന് ആ കുളത്തിനു ചുറ്റും രാജാവ് കോട്ട പണിയുകയും തന്നെ സുഖപ്പെടുത്തിയ സന്യാസിയുടെ ബഹുമാനാർഥം കോട്ടയ്ക്ക് അദ്ദേഹത്തിന്‍റെ പേരു നല്‍കുകയും ചെയ്തു. സംരക്ഷകൻ എന്നു പേരായ ബഹുമതി സന്യാസി രാജാവിന് നല്‍കുകകയും ആ ബഹുമതി നശിക്കുന്ന കാലം കോട്ട കൈവിട്ടു പോവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സുരെജ് സെന്നിന്‍റെ 84 തലമുറകളോളം കോട്ട ഭരിക്കുകയും 84ആം തലമുറയിൽ അത് നഷ്ടമാവുകയും ചെയ്തു.

ഗ്വാളിയോർ ലിഖിതങ്ങൾ പ്രകാരം ഹുന ഭരണാധികാരിയായിരുന്ന മിഹിരാഖുല ആറാം നൂറ്റാണ്ടിന്‍റെ തുടക്ക കാലത്തിൽ കോട്ടയ്ക്കുള്ളില്‍ സൂര്യക്ഷേത്രം നിർമിച്ചിരുന്നു. തെലി കാ മന്ദിർ എന്നറിയപ്പെടുന്ന മറ്റൊരു നിർമിതിയും കോട്ടയ്ക്കുള്ളിലുണ്ട്. ഗുർജാരാ പ്രതിഹാരാസ് ഒൻപതാം നൂറ്റാണ്ടിലാണ് അത് നിർമിച്ചത്. എട്ടാം നൂറ്റാണ്ടു വരെ ജപുത്ര രാജവംശമായ തോമരന്മാര്‍ ഭരിച്ചുകൊണ്ടിരുന്ന കോട്ട മുഗൾ ചക്രവർത്തിയായ ബാബറും ശേഷം 1754ലിൽ സിന്ധ്യ കുടുംബത്തിന്‍റെ നേതൃത്വത്തിൽ മറാത്തക്കാരും അതിനു ശേഷം ജ്താന്സിയിലെ ലക്ഷ്മി ഭായീ-താന്തിയ തോപ്പി സഖ്യവും അവരിൽ നിന്നും ബ്രിട്ടീഷ്‌കാരുമായിരുന്നു കോട്ട ഭരിച്ചിരുന്നത്.

ഓരോ രാജവംശവും കോട്ടക്കകത്ത് വിവിധങ്ങളായ മാറ്റങ്ങള്‍ വരുത്തി. കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ജലം ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒക്കെയും കോട്ടക്കകത്ത് കാണാന്‍ സാധിക്കും. പ്രധാനമായും രണ്ടു കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. ഒട്ടേറെ ജൈനക്ഷേത്രങ്ങൾ കോട്ടക്കകത്തുണ്ട്. ജൈന തീർഥങ്കരൻമാര്‍ മനോഹരമായി കൊത്തിയിരിക്കുന്ന കൊത്തുപണികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ആറ് ഇ‍ഞ്ച് മുതൽ 57 അടി വരെ ഉയരമുള്ള കൊത്തുപണികൾ ഇവിടെ കാണാം. എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ നിർമിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന തെലി കാ മന്ദിർ ഗ്വാളിയോർ കോട്ടയുടെ ഏറ്റവും പഴക്കം ചെന്ന അടയാളങ്ങളിലൊന്നാണ്.

സമചതുരാകൃതിയിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ മണ്ഡപങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും വാസ്തു വിദ്യകൾ സമന്യയിപ്പച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. രാജാ മഹിപാൽ നിർമിച്ച സാസ് ബാഹു ക്ഷേത്രം സഹസ്ത്രബാഹു ക്ഷേത്രം എന്നും അറിയപ്പെടുന്നു. 1092ല്‍ നിർമിച്ച ക്ഷേത്രം പിരമിഡിന്‍റെ ആകൃതിയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ചുവന്ന കല്ലിൽ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രം വിഷ്ണുവിനാണ് സമർപ്പിച്ചിരിക്കുന്നത്. ഒട്ടേറെ നിലകളിലായി തൂണുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് കമാനങ്ങൾ ഇല്ല. പത്മനാഭ രൂപത്തിലാണ് വിഷ്നുവിനെ ഇവിടെ ആരാധിക്കുന്നത്. ഗ്വാളിയോർ കോട്ടയുടെ ഉള്ളിൽ വ്യത്യസ്ത രാജവംശങ്ങൾ നിർമിച്ച ഒട്ടേറെ ക്ഷേത്രങ്ങൾ കാണാൻ സാധിക്കും.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാൻസിങ് പാലസ്. 1486 മുതൽ 1516 വരെയുള്ള തന്‍റെ ഭരണത്തില്‍ മാൻസിങ് തോമറാണ് ഈ കൊട്ടാരം നിർമിച്ചത്. വെങ്കലം കൊണ്ടുള്ള ചുവരുകള്‍ നീലയും മഞ്ഞയും നിറമുള്ള കല്ലുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഒത്തിരി മുറികളും തുരങ്കങ്ങളും രഹസ്യ പാതകളും മുറ്റങ്ങളുമുള്ള മികച്ച നിർമിതി തന്നെയാണ് മാൻസിങ് പാലസ്. മാൻസിങ് രാജാവിന്‍റെ സഹോദരനായിരുന്ന വിക്രമാധിത്യ സിങ് നിർമിച്ച കൊട്ടാരമാണ് വിക്രം മഹൽ അഥവാ വിത്രം മന്ദിർ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കൊട്ടാരം നിർമിച്ച സമയത്ത് അതിന്‍റെ ഉള്ളില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നു.

പിന്നീട് മുഗൾ വംശം ഇവിടം പിടിച്ചടക്കിയ സമയത്ത് ആ ക്ഷേത്രം നശിപ്പിക്കുകയായിരുന്നു. മാൻ സിങ്ങിന്‍റെ രാജ്ഞിയായിരുന്ന മ്രിഗനയാനി നിർമിച്ചതാണ് ഗുജാരി മഹൽ. ഇപ്പോൽ ഇത് ആർക്കിയോളജിക്കൽ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. ശില്‍പങ്ങൾ, ആയുധങ്ങൾ, നാണയങ്ങൾ തുടങ്ങിയവയുടെ മഹത്തായ ശേഖരം ഇവിടെയുണ്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറെ യോജിച്ചത്. ഇന്ത്യക്കാരായ സ‍ഞ്ചാരികൾക്ക് കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന് കുട്ടികൾക്ക് 40 രൂപയും മുതിർന്നവർക്ക് 75 രൂപയുമാണ്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഇവിടേക്കുള്ള പ്രവേശനം.