ഇലക്ട്രിക് ചാർജിങ് പോയിന്റ് സ്ഥാപിക്കാന്‍ കേന്ദ്ര സഹായം
ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണ് കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക.
ഇതിൽ 83 ചാർജിങ് പോയിന്റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുക.
ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് നാലുമാസം മുമ്പ് ചാർജിങ് പോയിന്റ് പ്രവർത്തനം ആരംഭിച്ചിരുന്നു.