റെയിൽവെ സ്റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്കിനും ഗർഭ നിരോധന ഉറകളും
രാജ്യത്തെ റെയിൽവെ സ്റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്റ്റേഷന്റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂടെയാണ് ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് റെയിൽവെ ബോർഡ് അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു.
മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സ്റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി റെയിൽവെ സ്റ്റേഷന് അകത്തും പുറത്തും പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും. ഈ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു.
ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ചിലവിൽ സ്ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാക്കാൻ ചെറിയ കിയോസ്കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 8500 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക.